| Tuesday, 6th July 2021, 9:13 pm

എന്നിലെ നടനെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പ്രേക്ഷകര്‍ പറയുന്നെങ്കില്‍ അത് ശരിയാണ്; ലാലു അലക്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടനാണ് ലാലു അലക്‌സ്. മലയാളിയുടെ വില്ലന്‍ സങ്കല്‍പ്പങ്ങളില്‍ പുതുമ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

എന്നാല്‍ തന്നിലെ നടനെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചില്ലെന്ന് ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് ലാലു അലക്‌സ്. 2020 നവംബറില്‍ ഫിഷ് റോക്ക് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.

‘അഭിനയത്തിന്റെ ചെറിയൊരു സ്പാര്‍ക്ക് എന്നിലുള്ളതുകൊണ്ട് ചില റോളുകള്‍ ചെയ്ത് അങ്ങനെ പോകുന്നത്. ലാലു അലക്‌സ് എന്ന നടനെ പൂര്‍ണ്ണമായും ഉപയോഗിച്ചിട്ടില്ലെന്ന് പ്രേക്ഷകര്‍ പറയുന്നെങ്കില്‍ അത് ശരിയാണ്.

എനിക്കും അതു തന്നെയാണ് പറയാനുള്ളത്. എന്റെ ഉള്ളിലുള്ള അഭിനയമെന്ന കഴിവ് എത്രയധികം ഉണ്ട്, എങ്ങനെ വികസിപ്പിച്ചെടുക്കാന്‍ പറ്റും എന്നുള്ളതിന് അതിന് പറ്റിയ കഥാപാത്രങ്ങള്‍ വരികയും സംവിധായകര്‍ വരികയും ചെയ്യുമ്പോള്‍ എനിക്ക് കഴിയും.

പക്ഷെ അതെല്ലാം വന്ന് വീഴണം. അതൊക്കെ സംഭവിക്കാന്‍ വേണ്ടി തത്രപാട് കാണിക്കുന്ന ഒരു അഭിനേതാവ് അല്ല ഞാന്‍. വരുമ്പോള്‍ വരട്ടെ. ഇനി വന്നില്ലേലും കുഴപ്പമില്ല. ഇവിടം വരെ വന്നല്ലോ,’ ലാലു അലക്‌സ് പറയുന്നു.

തുടക്കകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രത്തില്‍ പ്രധാന വില്ലന്‍ കഥാപാത്രമായി ലാലു എത്തിയിരുന്നു.

പല സിനിമകളിലും ചിരിച്ചുകൊണ്ടെത്തുന്ന വില്ലന്‍ എന്ന സങ്കല്‍പ്പം തന്റെ ആദ്യ കാല ചിത്രങ്ങളില്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് അതൊരു ട്രെന്റ് ആയി തന്നെ മാറിയെന്നും ലാലു പറഞ്ഞു.

കൂടെ അഭിനയിച്ചവരില്‍ പലരുടെയും അഭിനയവും തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും അവരെല്ലാവരെയും തനിക്ക് ഇഷ്ടമാണെന്നും ലാലു പറഞ്ഞു. സീരിയസ് കഥാപാത്രങ്ങളും കോമഡി വേഷങ്ങളും ചെയ്യാന്‍ കഴിയുമെന്ന് താന്‍ തെളിയിച്ചിട്ടുണ്ടെന്നും തന്റെ അഭിനയരീതിയില്‍ ഇനി എന്തെങ്കിലും മാറ്റം വേണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Lalu Alex About His Career

We use cookies to give you the best possible experience. Learn more