രജനികാന്തിന്റെ 'ലാൽ സലാം' കേരളത്തിൽ ഗോകുലം മൂവീസ് വിതരണം ചെയ്യും
Film News
രജനികാന്തിന്റെ 'ലാൽ സലാം' കേരളത്തിൽ ഗോകുലം മൂവീസ് വിതരണം ചെയ്യും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th February 2024, 9:26 am

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാമിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ക്രിക്കറ്റ്, രാഷ്ട്രീയം, അധികാരം, വിശ്വാസം തുടങ്ങിയ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയ്ലർ ചിത്രത്തിന്റെ പ്രമേയം സൂചിപ്പിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. മിന്നിമറയുന്ന ഷോട്ടുകളിൽ, തീ പാറുന്ന ദൃശ്യങ്ങളോടൊപ്പം വിക്രാന്തിന്റെയും വിഷ്ണു വിശാലിന്റെയും വമ്പൻ പോരാട്ടവും ​അപ്രതീക്ഷിതമായ ര‍‍ജനീകാന്തിന്റെ ​മാസ്സ് എൻട്രിയും ഗംഭീര ഫൈറ്റിനോടൊപ്പം ജയത്തിനായ് കാത്തിരിക്കുന്ന ഒരു കൂട്ടത്തേയും കാണാം.

ഫെബ്രുവരി 9ന് തിയറ്റർ റിലീസ് ചെയ്യുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. സുബാസ്കരനാണ് നിർമാതാവ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായ് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാനാണ് സംഗീതം പകരുന്നത്.

വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തിൽ ‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാർ.

ചിത്രത്തിന്റെ പ്രമേയം ക്രിക്കറ്റാണെങ്കിലും അതിലുപരി മറ്റു ചില വിഷയങ്ങൾകൂടി സംസാരിക്കുന്ന സിനിമയാണിത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

‘3’, ‘വൈ രാജ വൈ’ എന്നീ ചിത്രങ്ങൾക്കും ‘സിനിമാ വീരൻ’ എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വർഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ‘ലാൽ സലാം’. ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീൺ ഭാസ്‌കർ, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലൻ, പി.ആർ.ഒ: ശബരി

Content Highlight: Lalsalam movie’ s distribution in kerala will be gokulam movies