ശ്രീനിവാസന്റെ ആവശ്യപ്രകാരം ഹിന്ദു പശ്ചാത്തലത്തിലുള്ള മമ്മൂട്ടി ചിത്രം ക്രിസ്ത്യന്‍ പശ്ചാത്തലത്തിലേക്ക് മാറ്റി, അതോടെ സിനിമക്ക് ഒരു കളര്‍ വെച്ചു: ലാല്‍ജോസ്
ലാല്‍ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. ലാല്‍ജോസ് ആദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രത്തില്‍ ദിവ്യ ഉണ്ണി, ബിജു മേനോന്‍, മോഹിനി, ശ്രീനിവാസന്‍, നെടുമുടി വേണു, കലാഭവന്‍ മണി തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അഭിനയിച്ചത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ ചാണ്ടി എന്ന കഥാപാത്രം വലിയ ഹിറ്റായിരുന്നു. ചിത്രത്തിന് ആദ്യം ഹിന്ദു പശ്ചാത്തലമായിരുന്നുവെന്നും താനിതുവരെ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള സിനിമ ചെയ്തിട്ടില്ലെന്നും അതിനാല്‍ കഥാപാത്രങ്ങളുടെ പശ്ചാത്തലം മാറ്റാമെന്ന് ശ്രീനിവാസനാണ് പറഞ്ഞതെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ലാല്‍ജോസ് പറഞ്ഞു.
‘ഒരു മറവത്തൂര്‍ കനവിലെ കഥാപാത്രങ്ങള്‍ക്ക് ആദ്യം ഹിന്ദു പശ്ചാത്തലമായിരുന്നു. താനിതുവരെ ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള സിനിമ ചെയ്തിട്ടില്ലെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞു, പ്രത്യേകിച്ച് ഒറ്റപ്പാലത്തെ കുടിയേറ്റക്കാരുടെ കഥയൊക്കെ ഞാന്‍ നേരത്തെ ശ്രീനിയേട്ടനോട് ഷെയര്‍ ചെയ്തിരുന്നു. നിനക്ക് പരിചിതമായ കുടിയേറ്റക്കാരുടെ ലൈഫിലേക്ക് നമുക്ക് ഈ സിനിമയെ പറിച്ചുനടാം, അതിന് നല്ലതൊരു ക്രിസ്ത്യന്‍ പശ്ചാത്തലമാണെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞു.
ആദ്യം ഒരു ഭജന നടക്കുന്ന ആശ്രമത്തില്‍ വെച്ച് ദിവ്യ ഉണ്ണിയെ മമ്മൂക്ക കണ്ടുമുട്ടുന്നു എന്നാണ് പ്ലാന്‍ ചെയ്തിരുന്നത്. അതൊക്കെ മാറി ഒരു ധ്യാന കേന്ദ്രമായി. ക്രിസ്ത്യന്‍ പശ്ചാത്തലത്തിനായാണ് ചാണ്ടി എന്ന പേരിട്ടത്. ഗോവിന്ദന്‍ കുട്ടി എന്നായിരുന്നെങ്കില്‍ ആ കഥാപാത്രത്തിന് അത്രയും ഫണ്‍ ഉണ്ടാകില്ലായിരുന്നു.
ചാണ്ടിയും ആനിയും തിരുവിതാംകൂര്‍ കോണ്‍ഗ്രസ് എന്ന് പറയുന്ന ഒരു പാര്‍ട്ടിയുടെ പശ്ചാത്തലവുമൊക്കെ സിനിമക്ക് വന്നു. തിരുവിതാംകൂറില്‍ നിന്നും വരുന്ന ആളുടെ സ്ലാങ്ങും മമ്മൂക്ക നന്നായി ചെയ്തു. അതൊക്കെ ആ സിനിമക്ക് കളര്‍ കൂട്ടാന്‍ സഹായിച്ചു,’ ലാല്‍ജോസ് പറഞ്ഞു.
Content Highlight: laljose talks oru maravathoor kanavu and mammootty