മലയാള സിനിമയിലെ ഒരു വിജയ ഫോര്‍മുലയായിരുന്നു ലാല്‍ജോസ്- ഇക്ബാല്‍ കുറ്റിപ്പുറം കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച അറബിക്കഥ, വിക്രമാദിത്യന്‍, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങള്‍ വന്‍വിജയങ്ങളായിരുന്നു. എന്നാല്‍ ഇരുവരും അവസാനം ഒന്നിച്ച മ്യാവു തിയേറ്ററുകളില്‍ അത്ര വിജയമായിരുന്നില്ല.
2021 ഡിസംബര്‍ 21ന് റിലീസ് ചെയ്ത മ്യാവുവില്‍ സൗബിന്‍ ഷാഹിറും മംമ്ത മോഹന്‍ദാസുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ പരാജയകാരണത്തെ പറ്റി സംസാരിക്കുകയാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ്.
‘മ്യാവു ഇറങ്ങിയ സമയം ഒരു വലിയ ഘടകമായിരുന്നു. ഒമിക്രോണ്‍ തുടങ്ങിയ സമയമായിരുന്നു. മ്യാവു ലക്ഷ്യം വെച്ചത് ഫാമിലി ഓഡിയന്‍സിനെയായിരുന്നു. അവരൊന്നും തിയേറ്ററിലേക്ക് വന്നില്ല. ആ സമയം ചെറുപ്പക്കാര് പിള്ളേരായിരുന്നു തിയേറ്ററിലേക്ക് വന്നത്. അവര്‍ക്ക് വേണ്ടത് അജഗജാന്തരമായിരുന്നു. അവര്‍ അതിന് പോയി, അത് ആഘോഷിച്ചു, അതിനിടയില്‍ മ്യാവു ഒറ്റപ്പെട്ട് പോയി. മ്യാവു ആരും പരിഗണിച്ചില്ല. പിന്നീട് ഒ.ടി.ടിയില്‍ വന്നപ്പോള്‍ കണ്ട ആളുകള്‍ ഗംഭീര അഭിപ്രായം പറഞ്ഞു,’ ലാല്‍ജോസ് പറഞ്ഞു.
തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകളെ കുറിച്ചും ലാല്‍ജോസ് സംസാരിച്ചു. ‘സോളമന്റെ തേനീച്ചയില്‍ നായകനെന്നോ വില്ലനെന്നോ ഇല്ല. സോളമന്‍ എന്ന ടൈറ്റില്‍ റോളിലാണ് ജോജു വരുന്നത്. ഈ സിനിമയെ ഒരു ഘട്ടത്തില്‍ ജോജു ആണ് തോളിലേറ്റുന്നത്. അതൊരു വലിയ കാര്യമാണ്. ഞങ്ങള്‍ അതിന് പുള്ളിയോട് താങ്ക്ഫുള്ളാണ്. നാല് ചെറുപ്പക്കാര്‍ക്ക് പ്രാധാന്യമുള്ള ഒരു സിനിമയില്‍ ആ പുതിയ ആളുകളോടൊപ്പം ജോജു ചേര്‍ന്നു നില്‍ക്കാന്‍ കാണിച്ചത് വലിയ മനസാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 18നാണ് സോളമന്റെ തേനീച്ചകള്‍ തിയേറ്ററുകളിലെത്തിയത്. ജോജു ജോര്‍ജിന് പുറമേ വിന്‍സി അലോഷ്യസ്, ദര്‍ശന, ആഡിസ്, ശംഭു എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Laljose talks about the reason for the failure of the film meow