മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവിലൂടെയാണ് ലാല്‍ജോസ് സ്വതന്ത്ര സംവിധായകനായി അരങ്ങേറിയത്. കമല്‍, ലോഹിതദാസ് മുതലായ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തോടെയായിരുന്നു അദ്ദേഹം ആദ്യചിത്രം സംവിധാനം ചെയ്തത്.
തന്റെ ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയാവും നായകനെന്ന വാര്‍ത്ത പരന്ന സമയത്ത് ലഭിച്ച ഒരു കത്തിനെ കുറിച്ച് പറയുകയാണ് ലാല്‍ജോസ്. മമ്മൂട്ടിയെ അഡ്രസ് ചെയ്തുകൊണ്ടെഴുതിയ കത്തില്‍ തനിക്ക് യാതൊരു കഴിവുമില്ലെന്നും തന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്നും എഴുതിയിരുന്നതായി സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ലാല്‍ജോസ് പറഞ്ഞു.
‘ഭൂതക്കണ്ണാടിയുടെ സെറ്റില്‍ വെച്ചാണ് ലാല്‍ജോസിന്റെ പടത്തില്‍ ഞാന്‍ നായകനാവുമെന്ന് മമ്മൂക്ക പ്രഖ്യാപിച്ചത്. സിനിമാ ലോകത്ത് ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഏതൊക്കെയോ സിനിമാ വീക്കിലികളില്‍ അതൊരു സിങ്കിള്‍ കോളം ന്യൂസായി വരികയും ചെയ്തു.
ഭൂതക്കണ്ണാടിയുടെ ഷൂട്ട് തീര്‍ത്ത് മദ്രാസില്‍ ഡബ്ബ് ചെയ്യാന്‍ വന്ന സമയത്ത് മമ്മൂക്കയുടെ ഒപ്പം ഭാര്യയും വന്നു. ബാബി എന്നാണ് ഞങ്ങളെല്ലാവരും അവരെ വിളിക്കുന്നത്. ലാലുവിന് നാട്ടില്‍ കുറെ ഫ്രണ്ട്‌സ് ഉണ്ടോയെന്ന് ബാബി എന്നോട് ചോദിച്ചു. ഒരുപാട് പേരുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഒരു ഫ്രണ്ടിന്റെ കത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ ഒരു കത്ത് എനിക്ക് തന്നു. മമ്മൂക്കയെ അഡ്രസ് ചെയ്‌തെഴുതിയ കത്താണ്.
സംവിധായകന്‍ കമലിന്റെ സിനിമകള്‍ വിജയിച്ചത് ലാല്‍ജോസ് ഉള്ളതുകൊണ്ടല്ല, കമലിന് പ്രതിഭയുള്ളത് കൊണ്ടാണ്, സോപ്പിടാനുള്ള അച്ചായന്മാരുടെ കഴിവ് കിട്ടിയവനാണ് അവന്‍, അവന്റെ സോപ്പിങ്ങില്‍ താങ്കളെ പോലെ ഒരാള്‍ വീഴരുത്, അവന് യാതൊരു വിധ കഴിവുകളുമില്ല, കോളേജിലോ സ്‌കൂളിലോ പഠിക്കുമ്പോള്‍ കലാപരമായി ഒരു കഴിവുകളും പ്രകടിപ്പിക്കുകയോ കലാപരമായ വാസന ഉള്ള ആളാണെന്നോ തെളിയിച്ചിട്ടില്ല, കമല്‍ സാറിന്റെ നിഴല്‍ പറ്റി നിന്നിട്ട് താങ്കളെ അവന്‍ തെറ്റിദ്ധരിപ്പിച്ചതാണ്, ആ സിനിമയില്‍ അഭിനയിച്ച് താങ്കള്‍ ഇത്രയും കാലം ഉണ്ടാക്കിയ സല്‍പ്പേര് നശിപ്പിക്കരുത്, എന്നാണ് ആ കത്തിന്റെ രത്‌നചുരുക്കം.
ആ കത്ത് എന്നില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയില്ല. പക്ഷേ ആര്‍ക്കാണ് എന്നോട് ഇത്ര വലിയ ദേഷ്യമുള്ളതെന്ന് അറിയില്ല. നീ എന്തിനാണ് ആ കത്ത് അവന് കൊടുത്തതെന്ന് മമ്മൂക്ക ബാബിയോട് ചോദിച്ചു. ഇങ്ങനെയും ആളുകളുണ്ടെന്ന് ലാലു അറിയണ്ടേ, ഇനി സിനിമ ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്ന് ബാബി പറഞ്ഞു. ആ കത്ത് ഞാന്‍ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. എപ്പോഴെങ്കിലും എനിക്ക് കുറച്ച് അഹങ്കാരം വരുമ്പോള്‍ ആ കത്ത് എടുത്ത് വായിക്കും,’ ലാല്‍ജോസ് പറഞ്ഞു.
Content Highlight: laljose talks about a letter received by mammootty