| Wednesday, 15th February 2023, 11:13 am

ശ്രീലക്ഷ്മി കഥാപാത്രത്തിന് പറ്റില്ലെന്ന രീതിയില്‍ മമ്മൂക്ക സംസാരിച്ചു, എന്നാല്‍ പറഞ്ഞുവിട്ട അവരെ തന്നെ പിന്നീട് നായികയായി വിളിക്കേണ്ടിവന്നു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോഹിതദാസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി പുറത്ത് വന്ന ചിത്രമാണ് ഭൂതക്കണ്ണാടി. ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ശ്രീലക്ഷ്മിയായിരുന്നു. ശ്രീലക്ഷ്മി ചിത്രത്തില്‍ നായികയായതിന് പിന്നിലെ കഥ പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ആദ്യം ശ്രീലക്ഷ്മിയെ പറഞ്ഞുവിട്ടുവെന്നും പിന്നീട് വന്ന സുകന്യ ചിത്രത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ശ്രീലക്ഷ്മിയെ വീണ്ടും വിളിച്ചതെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ലാല്‍ ജോസ് പറഞ്ഞു.

‘ഭൂതകണ്ണാടിയിലെ പുള്ളുവത്തി സരോജിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി പുതുമുഖങ്ങളുള്‍പ്പെടെ പല നടിമാരേയും നോക്കിയിരുന്നു. ആ സമയത്ത് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു സീരിയലില്‍ അഭിനയിച്ച ശ്രീലക്ഷ്മിയെ ഈ റോള്‍ അവതരിപ്പിക്കാനായി വിളിച്ചു. ലോഹിയേട്ടന് അവരെ ഇഷ്ടമായി. എന്നോട് ചോദിച്ചപ്പോള്‍ 100 ശതമാനം ഇവര്‍ കറക്ടായിരിക്കുമെന്നാണ് തോന്നുന്നതെന്ന് ഞാന്‍ പറഞ്ഞു.

പക്ഷേ വേണുവേട്ടനും മമ്മൂക്കയും അവര്‍ ആ ക്യാരക്ടറിന് പറ്റില്ല എന്ന രീതിയില്‍ അഭിപ്രായം പറഞ്ഞു. ചിത്രത്തിന്റെ പ്രൊഡ്യൂസറായ കിരീടം ഉണ്ണിയുടെ ബന്ധു കൂടിയാണ് ഈ കുട്ടി. താന്‍ തന്നെ അവരെ വിഷമിപ്പിക്കാത്ത രീതിയില്‍ ഒന്ന് പറഞ്ഞുവിടാന്‍ ലോഹിയേട്ടന്‍ ഉണ്ണിയേട്ടനോട് പറഞ്ഞു. ഇതില്‍ 14 വയസുള്ള കുട്ടിയുടെ അമ്മയാവണം, അതുകഴിഞ്ഞാല്‍ മെച്വേഡായ കഥാപാത്രങ്ങളേയേ കിട്ടുകയുള്ളൂ, അതുകൊണ്ട് നീ ഇത് ചെയ്യണ്ട എന്നൊക്കെ പറഞ്ഞ് ഉണ്ണിയേട്ടന്‍ അവരെ പറഞ്ഞുവിട്ടു.

അതില്‍ എനിക്ക് നല്ല അമര്‍ഷമുണ്ടായിരുന്നു. കാരണം ഞങ്ങളുടെ നാട്ടില്‍ പുള്ളുവന്‍ പാട്ട് പാടുന്നവരുടെ ഛായയും പ്രകൃതവുമൊക്കെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നു. അതിന് ശേഷം സുകന്യയാണ് പുള്ളുവത്തി സരോജിനിയായി അഭിനയിക്കാന്‍ വന്നത്. സുകന്യ നല്ല നടിയാണ്. പക്ഷേ അവര്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ശരിക്കും ഒരു സിനിമാ നടി ചെയ്യുന്നത് പോലെ തന്നെയുണ്ടായിരുന്നു.

പക്ഷേ ഷൂട്ട് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സുകന്യക്ക് ഈ കഥാപാത്രത്തെ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. അതിന് പിന്നിലുള്ള ശരിക്കുള്ള കാരണമെന്താണെന്ന് അറിയില്ല. ഇതൊരു മോശം കഥാപാത്രമാണെന്നോ എന്തെക്കെയോ എക്‌സ്‌പോസ് ചെയ്യുന്നുണ്ടെന്നോ ഒക്കെയുള്ള കാരണം പറഞ്ഞിട്ടാണ് അവര്‍ പോയത്.

ഇനി എന്ത് ചെയ്യുമെന്ന് വിചാരിച്ചിരുന്നപ്പോള്‍ അന്ന് വന്ന കുട്ടി കറക്ടായിരിക്കില്ലേയെന്ന് ഞാന്‍ ലോഹിയേട്ടനോട് പറഞ്ഞു. പുള്ളുവത്തിയായി അവരെ ഒരുക്കി നോക്കാം, ശരിയായില്ലെങ്കില്‍ വേറെ ആളെ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അവരെ ഞാന്‍ വീണ്ടും വിളിച്ചു. പുള്ളുവ സ്ത്രീയായി അവരെ മേക്കപ്പ് ചെയ്ത് പുള്ളുവക്കുടവും കയ്യില്‍ കൊടുത്ത് ലൊക്കേഷനില്‍ കൊണ്ടുവന്നു. അവരെ കണ്ടപ്പോള്‍ മമ്മൂക്കയും വേണുവേട്ടനും അക്ഷരാര്‍ത്ഥത്തില്‍ അത്ഭുപ്പെട്ടു. അങ്ങനെ അവര്‍ വീണ്ടും ആ സിനിമയിലേക്ക് എത്തി,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: laljose talks abot casting sreelakshmi as heroin in bhoothakkanadi movie

We use cookies to give you the best possible experience. Learn more