വിക്രമാദിത്യനിലെ അവസാന 20 മിനിറ്റാണ് ആ സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രത്തിന്റെ കഥ: ലാൽജോസ്
Entertainment
വിക്രമാദിത്യനിലെ അവസാന 20 മിനിറ്റാണ് ആ സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രത്തിന്റെ കഥ: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th February 2024, 11:15 am

വിധു വിനോദ് ചോപ്രയുടെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 12th ഫെയില്‍.

ചമ്പല്‍ എന്ന ഉള്‍ഗ്രാമത്തില്‍ നിന്ന് യു.പി.എസ്.സി പരീക്ഷ പാസാവുക എന്ന ലക്ഷ്യവുമായി ദല്‍ഹിയില്‍ എത്തുന്ന മനോജ് കുമാര്‍ തന്റെ പരിശ്രമങ്ങളിലൂടെ സിവില്‍ സര്‍വീസ് പാസാവുന്നതാണ് ചിത്രത്തിന്റെ കഥ.

ഈയിടെ ഇറങ്ങിയ ഏറ്റവും മികച്ച ബോളിവുഡ് സിനിമ എന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞ ചിത്രം കൂടിയാണ് 12th ഫെയില്‍. എന്നാൽ 12th ഫെയിലിന്റെ കഥ തന്റെ സിനിമയായ വിക്രമാദിത്യന്റെ അവസാന 20 മിനിറ്റിലുണ്ടെന്ന് ലാൽ ജോസ് പറയുന്നു.

ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രമായിരുന്നു വിക്രമാദിത്യൻ. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം രണ്ട് കൂട്ടുകാരുടെ കഥയായിരുന്നു പറഞ്ഞത്. ചിത്രത്തിന്റെ അവസാനം ദുൽഖറിന്റെ നായക കഥാപാത്രം ഐ.പി.എസ് ഓഫീസർ ആവുന്നുണ്ട്. സമാനമായ രീതിയിൽ തന്നെയാണ് 12th ഫെയിലിലെ വിക്രാന്ത് മാസെയുടെ കഥാപാത്രം കളക്ടറാവുന്നതും.

 

 

തന്റെ ആദ്യകാല സിനിമകളെല്ലാം ഒരുപാട് ത്രെഡുകൾ ഉണ്ടാവാറുണ്ടെന്നും ലാൽജോസ് പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ സിനിമകളെ കുറിച്ച് ഇപ്പോൾ സംസാരിക്കുമ്പോൾ ആളുകൾ പറയാറുണ്ട് ഇന്നും എടുക്കാൻ പറ്റിയവയാണെന്ന്. വിക്രമാദിത്യൻ എന്ന സിനിമയിലെ അവസാന ഇരുപത് മിനിറ്റിലെ കഥയാണ് ഇപ്പോൾ ഹിന്ദിയിൽ വലിയ ഹിറ്റായ പ്ലസ്ടു കഴിഞ്ഞിട്ട് കളക്ടറാവുന്ന 12th ഫെയിൽ എന്ന ചിത്രം.

ആ 12th ഫെയിലിലെ കഥ വിക്രമാദിത്യനിലെ അവസാന ഇരുപത് മിനിറ്റിലുണ്ട്. എന്റെ ആദ്യകാലത്തെ സിനിമകൾക്കൊക്കെ ഒന്നിലധികം ത്രെഡുണ്ട്.

ഒരു പ്രധാന കഥയെ മാത്രം ചുറ്റിപ്പറ്റിയുള്ള സിനിമകൾ അന്ന് കുറവായിരുന്നു,’ ലാൽജോസ് പറയുന്നു.

Content Highlight: Laljose Talk About Vikramadhithyan Movie And 12th Fail Movie