| Wednesday, 18th September 2024, 1:27 pm

അന്ന് പ്രിയാമണി ആ പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിച്ചതോടെ എനിക്ക് നായിക ഇല്ലാതെയായി: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ്‌ സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽജോസിന് കഴിഞ്ഞിരുന്നു.

ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം. ലാൽജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ചാന്ത്പൊട്ട്. ചിത്രത്തിൽ നായികയായി എത്തിയത് ഗോപികയായിരുന്നു. എന്നാൽ ഈ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് നടി പ്രിയാമണിയെയായിരുന്നുവെന്ന് പറയുകയാണ് ലാൽജോസ്.

ചിത്രത്തിനായി പുതിയൊരു നായികയെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അങ്ങനെയാണ് പ്രിയാമണിയെ കാണുന്നതെന്നും ലാൽജോസ് പറയുന്നു. കഥ കേട്ട പ്രിയാമണി സിനിമ ചെയ്യാൻ തയ്യാറായിരുന്നുവെന്നും എന്നാൽ സിനിമ ഷൂട്ട്‌ തുടങ്ങുന്നതിന് മുമ്പ് തന്നെ അവർ മറ്റൊരു ചിത്രത്തിൽ അഭിനയിച്ചെന്നും ലാൽജോസ് പറഞ്ഞു.

‘ചാന്ത് പൊട്ടിന്റെ കഥയൊക്കെ ഏകദേശം റെഡിയായിട്ടുണ്ടായിരുന്നു. നായികയായി പുതിയ ഒരാളെ വേണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.

തമിഴിൽ ഒരു പെൺകുട്ടിയുണ്ടെന്ന് പറഞ്ഞിട്ട് ഒരാളെ വിളിച്ചു വരുത്തി. അവരുടെ പേരായിരുന്നു പ്രിയാമണി. അങ്ങനെ ആ പെൺകുട്ടിയെ കണ്ടു. ഞങ്ങൾക്ക് ഇഷ്ട്ടമായി. അവരോട് കഥ പറഞ്ഞപ്പോൾ അവർ ചെയ്യാമെന്നും പറഞ്ഞു.

കഥ കേട്ട ശേഷം ഞാൻ അവരോട് പറഞ്ഞു, ഇത് കുറച്ച് വലിയ സിനിമയാണ് ഞങ്ങൾക്ക് കുറച്ച് സമയം വേണം. അതിനിടയിൽ മലയാളത്തിൽ നിന്നൊരു ഓഫർ വന്നാൽ സിനിമ ചെയ്യരുതെന്ന് പറഞ്ഞു. ഇതായിരിക്കണം ആദ്യത്തെ സിനിമയെന്നും ഞാൻ പറഞ്ഞു. അവർക്കത് ഓക്കെയായിരുന്നു.

അങ്ങനെ ഞങ്ങൾ പ്ലാനിങ്ങുമായി മുന്നോട്ട് പോയ സമയത്താണ് പ്രിയാമണിക്ക് സംവിധായകൻ വിനയന്റെ ഒരു ഓഫർ വരുന്നത്. ആ സമയത്ത് വിനയേട്ടൻ വലിയ സംവിധായകനാണ്. പൃഥ്വിരാജിന്റെ ഒരു ഉദയകാലമായിരുന്നു അത്. അദ്ദേഹമാണ് നായകൻ.

അങ്ങനെ പ്രിയാമണി നേരെ ചെന്ന് ആ സിനിമയിൽ അഭിനയിച്ചു. അതോടെ ഞങ്ങൾക്ക് നായിക ഇല്ലാതെയായി. അതിന് ശേഷമാണ് ഞാൻ ഗോപികയെ നായികയായി ഫിക്സ് ചെയ്യുന്നത്,’ലാൽജോസ് പറയുന്നു.

Content Highlight: Laljose Talk About Priyamani

We use cookies to give you the best possible experience. Learn more