താൻ ഒരു സംവിധായകനാവുമെന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ മോഹൻലാൽ പ്രവചിച്ചിട്ടുണ്ടെന്ന് ലാൽജോസ് പറയുന്നു.
തന്റെ ആദ്യ ചിത്രമായ മറവത്തൂർ കനവിന്റെ വിജയാഘോഷം സമ്മർ ഇൻ ബത്‌ലഹേമിന്റെ സെറ്റിൽ വെച്ച് നടക്കുമ്പോൾ സിബി മലയിലാണ് ഈ കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ലാൽജോസ്.
‘കമൽ സാറിന്റെ വിഷ്ണു ലോകത്തിൽ ഞാൻ സഹ സംവിധായകനായിരുന്നു. എന്നെയൊന്നും ലാലേട്ടൻ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷെ പിൽകാലത്ത് ഞാൻ മറവത്തൂർ കനവ് എന്ന സിനിമ ചെയ്തു. അത് വലിയ വിജയമായി മാറി.
അതിന്റെ നിർമാതാവായ സിയാദ് കോക്കർ ഈ സിനിമ റിലീസ് ആവുന്നതിന് മുമ്പ് തന്നെ അടുത്ത സിനിമ റിലീസ് ചെയ്തിരുന്നു. അതായിരുന്നു സമ്മർ ഇൻ ബത്ലഹേം. അതിന്റെ സെറ്റിൽ വെച്ചിട്ട് ഈ സിനിമ വിജയിച്ചതിന്റെ ഒരു പാർട്ടി ഉണ്ടായിരുന്നു. അതിന് ഞാനും കുടുംബവും പോയിരുന്നു. ബിജു മേനോന്റെ കാറിൽ ആയിരുന്നു അന്ന് ഞങ്ങൾ പോയത്.
ഊട്ടിയിൽ ആയിരുന്നു പരിപാടി. അന്ന് പരിപാടിക്കിടയിൽ മറവുത്തൂർ കനവിനെ അഭിനന്ദിച്ച് കൊണ്ട് സിബി സാർ സംസാരിച്ചിരുന്നു. അദ്ദേഹം ചിത്രത്തെ അഭിനന്ദിക്കുന്ന കൂട്ടത്തിൽ ഒരു കാര്യവും കൂടെ പറഞ്ഞു, ലാൽജോസ് ഒരു സംവിധായകൻ ആവുമെന്ന് എനിക്ക് വർഷങ്ങൾക്ക് മുമ്പേ അറിയാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
സത്യത്തിൽ സിബി സാറിനെ എനിക്ക് ഒരു പരിചയവും ഇല്ലായിരുന്നു. മാറി നിന്ന് അദ്ദേഹത്തെ കണ്ടിട്ടുണ്ട് എന്നല്ലാതെ ഒരു പരിചയവുമില്ല.
അദ്ദേഹം വിഷ്‌ണു ലോകത്തിന്റെ സെറ്റിൽ വന്നിരിന്നു എന്നാണ് പറഞ്ഞത്. അന്ന് സെറ്റിൽ വന്നപ്പോൾ, ലാലേ ഇതെടുക്ക് ലാലേ അതെടുക്ക് എന്നൊക്കെ കമൽ സാർ പറയുമ്പോൾ ഓരോ തവണയും സിബി സാർ നോക്കിയത് മോഹൻലാലിനെ ആയിരുന്നു. സിബി സാറിന് സംശയമായിരുന്നു. അപ്പോൾ ലാലേട്ടൻ അദ്ദേഹത്തോട് പറഞ്ഞു, പേടിക്കേണ്ട ഇവിടെ ഒരു പയ്യനുണ്ട്, ലാൽജോസ് എന്നാണ് അവന്റെ പേര്.
സിബി അവന്റെ പേര് എഴുതി വെച്ചോളൂ അവൻ മലയാള സിനിമയിൽ ഒരു അറിയപ്പെടുന്ന സംവിധായകനാവുമെന്ന് യാതൊരു സംശയവുമില്ല. ഇങ്ങനെ മോഹൻലാൽ അന്ന് സിബി സാറോട് പറഞ്ഞുവത്രേ.
അത് എനിക്ക് പുതിയൊരു വാർത്തയായിരുന്നു. ആ കാലത്ത് അദ്ദേഹം എല്ലാവരോടും ഇടപെടുന്ന പോലെ എന്നോടും സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ നമ്മളെ അങ്ങനെ നിരീക്ഷിച്ചിട്ടുണ്ട് എന്നൊക്കെ അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്,’ ലാൽജോസ് പറയുന്നു.
Content Highlight: Laljose Talk About Mohanlal’s Prediction About Him