| Friday, 16th February 2024, 10:49 pm

ഒന്നൊന്നര വർഷത്തെ അധ്വാനം അങ്ങനെ ഒന്നുമല്ലാതെ ആവുമ്പോൾ സങ്കടം തോന്നും: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകനാണ് ലാൽ ജോസ്.

സംവിധായകൻ കമലിന്റെ സഹസംവിധായകനായി തന്റെ സിനിമ കരിയർ ആരംഭിച്ച ലാൽ ജോസ് മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകൻ ആകുന്നത്. ബോക്സ് ഓഫീസിലെ വിജയ പരാജയങ്ങൾ ഒരുപോലെ രുചിച്ചറിഞ്ഞ വ്യക്തിയാണ് ലാൽ ജോസ്.

എല്ലാ സിനിമകളും വിജയിക്കണമെന്ന് ആഗ്രഹിച്ചു തന്നെയാണ് ചെയ്യുന്നതെന്നും എന്നാൽ തന്റെ ഒരുപാട് സിനിമകൾ പരാജയപ്പെട്ടിട്ടുണ്ടെന്നും ലാൽ ജോസ് പറയുന്നു.

ആ സമയത്ത് നല്ല സങ്കടം തോന്നാറുണ്ടെന്നും എല്ലാ ചിത്രങ്ങൾക്കും ഒരുപോലെ തന്നെയാണ് അധ്വാനിക്കാറുള്ളതെന്നും ലാൽ ജോസ് പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ കുറെ സിനിമകൾ പരാജയപ്പെട്ടിട്ടുണ്ട്. എല്ലാ സിനിമകളും വിജയിക്കണമെന്ന് കരുതിയിട്ടാണ് നമ്മൾ ചെയ്യുന്നത്. വിജയിക്കാൻ വേണ്ടിയിട്ടാണ് ചെയ്യുന്നത്. പക്ഷേ ചില സിനിമകൾ ലക്ഷ്യം കണ്ടെത്തിയില്ല എന്നു വരും. ചിലത് പ്രേക്ഷകർക്ക് ഇഷ്ടമാവാതെ വരും. എന്റെ ഒരുപാട് സിനിമകൾ അത്തരത്തിൽ വിജയം അറിയാതെ പോയിട്ടുണ്ട്. നല്ല സങ്കടവും തോന്നിയിട്ടുണ്ട്.

കാരണം വിജയിക്കുന്ന സിനിമയ്ക്ക് വേണ്ടിയിട്ടും പരാജയപ്പെടുന്ന സിനിമയ്ക്ക് വേണ്ടിയിട്ടും ഒരുപോലെ തന്നെയാണ് കഷ്ടപ്പെടുന്നത്. എല്ലാ അധ്വാനവും ഒന്നുതന്നെയാണ്.

ഒരു സിനിമ പരാജയപ്പെടുമ്പോൾ ഒന്നൊന്നര വർഷത്തെ അധ്വാനമാണ് ഒന്നുമല്ലാതെ ആവുന്നത്. സങ്കടമാണ്. അങ്ങനെ സങ്കടം ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്,’ലാൽ ജോസ് പറയുന്നു.

Content Highlight: Laljose Talk About His Films

We use cookies to give you the best possible experience. Learn more