| Friday, 6th September 2024, 2:56 pm

ക്ലാസ്മേറ്റ്സിലെ ആ സീൻ ഉപയോഗിക്കാൻ പറ്റുമെന്ന് പോലും കരുതിയില്ല, അതൊരു സൂത്രപണിയായിരുന്നു: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച ക്യാമ്പസ് മൂവികളിൽ ഒന്നാണ് ലാൽജോസ് അണിയിച്ചൊരുക്കിയ ക്ലാസ്മേറ്റ്സ്. ജയിംസ് ആൽബർട്ട് തിരക്കഥ ഒരുക്കിയ സിനിമയിൽ പൃഥ്വിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, രാധിക, നരേൻ, ജയസൂര്യ തുടങ്ങിയ യുവതാരങ്ങൾ അണിനിരന്നിരുന്നു.

കാലങ്ങൾക്കിപ്പുറം ഇന്നും പ്രേക്ഷകർ റിപ്പീറ്റടിച്ചു കാണുന്ന സിനിമയാണ് ക്ലാസ്മേറ്റ്സ്. ഇൻസ്റ്റഗ്രാം റീലുകളിലും സോഷ്യൽ മീഡിയയിലുമെല്ലാം ഇപ്പോഴും നിറഞ്ഞ് നിൽക്കുന്ന ഒരു രംഗമാണ് ചിത്രത്തിൽ മുരളിയെന്ന നരേന്റെ കഥാപാത്രം, വിഷു വരും വർഷം വരും എന്ന കവിത പാടുന്ന ഭാഗം.

എന്നാൽ ചിത്രത്തിലെ ഈ രംഗം വെറുതെ എടുത്തതാണെന്ന് പറയുകയാണ് ലാൽജോസ്. ആദ്യ ഷോട്ടായി എന്തെടുക്കണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും എന്തെങ്കിലും എടുക്കുന്നതായി എല്ലാവരെയും അറിയിക്കണം എന്നുള്ളത് കൊണ്ട് വെറുതെ എടുത്തതാണ് ആ സീനെന്നും ലാൽജോസ് പറയുന്നു. പിന്നീട് മുരളി എന്ന കഥാപാത്രം മരിക്കുമ്പോൾ ആ സീനാണ് ഉപയോഗിക്കുന്നതെന്നും ലാൽജോസ് പറഞ്ഞു.

‘ക്ലാസ്മേറ്റിന്റെ ആദ്യത്തെ ഷോട്ട് എടുക്കണം. പക്ഷെ ഞാൻ മൊത്തത്തിൽ ബ്ലാങ്ക് ആയിരുന്നു. അഭിനയിക്കാനുള്ള എല്ലാവരും വന്നിട്ടുമുണ്ട്. എന്ത് സീനാണ് ഷൂട്ട്‌ ചെയ്യാൻ പോവുന്നതെന്ന് ആർക്കും അറിയില്ല. എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞാൻ ഓർത്തു.

പെട്ടെന്ന് ഞാൻ പറഞ്ഞു, ലൈബ്രറിയിൽ ചെന്ന് എൻ. എൻ. കക്കാടിന്റെ കവിതയുടെ പുസ്തകം ഉണ്ടോയെന്ന് നോക്കാൻ. ആരോ പോയിട്ട് അതെടുത്തു കൊണ്ടുവന്നു. അതിലെ കുറച്ച് വരികൾ ഞാൻ പേപ്പറിലേക്ക് കോപ്പി ചെയ്ത് നരേന് എഴുതി കൊടുത്തു.

നരേനെ ഒരു ഹാളിൽ നിലത്ത് കിടത്തി. ബാക്കി ഉള്ള എല്ലാവരെയും നരേന് ചുറ്റും ഇരുത്തി. അയാളിൽ നിന്നാണ് ആ ഷോട്ട് ഇങ്ങനെ പൊങ്ങി വരുന്നത്. മുരളി എന്ന കഥാപാത്രം ഇങ്ങനെ കവിത ചൊല്ലി കൊണ്ടിരിക്കുന്നു.

ഒരു ഷോട്ടും എടുക്കാൻ കഴിയാതെ കൺഫ്യൂഷൻ അടിച്ചിരുന്ന സമയത്ത് എന്തെങ്കിലും ചെയ്യുന്നുവെന്ന് വന്ന എല്ലാവരെയും ബോധ്യപ്പെടുത്താനാണ് പെട്ടെന്ന് അങ്ങനെ ഒരു ഷോട്ട് സെറ്റ് ചെയ്തത്. സത്യത്തിൽ അതൊരു സൂത്രപണിയായിരുന്നു.

ആ ഷോട്ട് ഉപയോഗിക്കാൻ പറ്റുമോയെന്ന് പോലും എനിക്കറിയില്ലായിരുന്നു. ആ സീക്വൻസ് പിന്നീട് നരേന്റെ മുരളി എന്ന കഥാപാത്രം മരിച്ചു കിടക്കുമ്പോഴാണ് ഈ ഭാഗം ഞങ്ങൾ സിനിമയിൽ കാണിക്കുന്നത്,’ലാൽജോസ് പറയുന്നു.

Content Highlight: Laljose Talk About Classmates Movie Making

We use cookies to give you the best possible experience. Learn more