ആ ചിത്രം അന്ന് ചെയ്തില്ലെങ്കിൽ ഇന്നും ചെയ്യാവുന്നതാണ്, എല്ലാകാലത്തും സാധ്യതയുള്ള സൂപ്പർ ഹിറ്റ്‌ സിനിമയാണത്: ലാൽജോസ്
Entertainment
ആ ചിത്രം അന്ന് ചെയ്തില്ലെങ്കിൽ ഇന്നും ചെയ്യാവുന്നതാണ്, എല്ലാകാലത്തും സാധ്യതയുള്ള സൂപ്പർ ഹിറ്റ്‌ സിനിമയാണത്: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th June 2024, 4:44 pm

മലയാളത്തിലെ മികച്ച ക്യാമ്പസ് മൂവികളിൽ ഒന്നാണ് ലാൽജോസ് അണിയിച്ചൊരുക്കിയ ക്ലാസ്മേറ്റ്സ്. ജയിംസ് ആൽബർട്ട് തിരക്കഥ ഒരുക്കിയ സിനിമയിൽ പൃഥ്വിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, രാധിക, നരേൻ, ജയസൂര്യ തുടങ്ങിയ യുവതാരങ്ങൾ ആയിരുന്നു അണിനിരന്നത്.

ക്ലാസ്സ്‌മേറ്റ്സ് മലയാളത്തിലെ മികച്ച കലാലയ ചിത്രമായി വാഴ്ത്തപ്പെടുമ്പോൾ ലാൽജോസ് പറയുന്നത് ഒരു മർഡർ മിസ്റ്ററി എന്ന നിലയിലാണ് ചിത്രം ഒരുക്കിയതെന്നാണ്. ഇപ്പോഴും ആളുകൾ പറയുന്നത് അത്തരത്തിലാണെന്നും എന്നാൽ തന്നെ സംബന്ധിച്ച് അതിനൊരു രണ്ടാംഭാഗം ഉണ്ടാവില്ലെന്നും ലാൽജോസ് കൂട്ടിച്ചേർത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്ലാസ്മേറ്റ്സ് അന്ന് ചെയ്തില്ലെങ്കിൽ ഇന്നും ചെയ്യാമായിരുന്നു. അത് എന്നും ചെയ്യാൻ കഴിയുന്ന ഒരു സിനിമയാണ്. എല്ലാകാലത്തും അതിന് സാധ്യതയുണ്ട്. അതിനൊരു രണ്ടാംഭാഗത്തിന് സാധ്യതയൊന്നുമില്ല.

എന്നെ സംബന്ധിച്ചിടത്തോളം സാധ്യതയില്ല. ഇനി ജെയിംസ് ആൽബർട്ട് എപ്പോഴെങ്കിലും ഒരു രണ്ടാംഭാഗം കണ്ടെത്തുമോയെന്ന് എനിക്കറിയില്ല. എനിക്ക് അതൊരു അവസാനിച്ച ചിത്രമാണ്.

ക്ലാസ്മേറ്റ്സിനെ വിലയിരുത്തപ്പെട്ടത്ത് തൊണ്ണൂറുകളിലെ ഒരു കോളേജ് പടം എന്ന രീതിയിലായിരുന്നു. പ്രേക്ഷകർ ഇപ്പോഴും അതിനെ കുറിച്ച് പറയുന്നതും അന്ന് ഏറ്റെടുത്തതും അത് പറഞ്ഞിട്ടാണ്. പക്ഷെ എന്നെ സംബന്ധിച്ച് ആ സിനിമ അങ്ങനെയല്ല. ക്ലാസ്മേറ്റ്സ് ഒരു മർഡർ മിസ്‌റ്ററിയാണ്. അത് ഞങ്ങൾ ഒരു കോളേജിൽ അവതരിപ്പിച്ചു എന്ന് മാത്രമേയുള്ളൂ.

അറിയാതെ ചെയ്ത് പോയ ഒരു കൊലപാതകത്തിന്റെ രഹസ്യം പുറത്തുകൊണ്ടുവരുന്ന ഒരു ചിത്രമാണത്. അങ്ങനെയുള്ള സിനിമയുടെ ഒരു പ്രശ്നം, അത് കണ്ട് ഇറങ്ങുന്ന ചിലർ സിനിമയിലെ സസ്പെൻസ് പുറത്തുപറയും.

അങ്ങനെ പുറത്തുപറയാതിരിക്കാൻ വേണ്ടിയാണ് അതിനേക്കാൾ ആളുകളുടെ ഫോക്കസ് ഒരു ക്യാമ്പസ്‌ സിനിമയിലേക്ക് നൽകി കൊണ്ട് ഞങ്ങൾ അവതരിപ്പിച്ചത്. ആ മർഡർ മിസ്‌റ്ററി തീർന്നതാണ്. അതുകൊണ്ട് ഇനിയൊരു രണ്ടാംഭാഗം ആ സിനിമയ്ക്ക് ഉണ്ടാവില്ല,’ലാൽജോസ് പറയുന്നു.

Also Read:ആ സീനില്‍ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, പിന്നെ ചര്‍ച്ചയില്ലല്ലോ; ഇന്റിമേറ്റ് സീനിനെ കുറിച്ച് ദര്‍ശന

Also Read:ഇപ്പോൾ റൊമാൻസ് കിട്ടുന്നില്ല, എനിക്കൊന്ന് പ്രണയിക്കാൻ പോലും പറ്റുന്നില്ല: പാർവതി

Content Highlight:  Laljose Talk About Classmates Movie