| Monday, 2nd December 2024, 1:06 pm

സുഖമില്ലാതെ കിടന്നപ്പോൾ കാണാൻ വരുമെന്ന് പ്രതീക്ഷിച്ച ഒരേയൊരാൾ  നീയാണെന്ന് പറഞ്ഞ് ആ നടി അന്ന് പൊട്ടിക്കരഞ്ഞു: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ്‌ സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽജോസിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം.

ഒടുവിൽ ഉണ്ണികൃഷ്‌ണൻ, കുതിരവട്ടം പപ്പു, സുകുമാരി, ഇന്നസെന്റ് തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളോടൊപ്പമെല്ലാം വർക്ക് ചെയ്യാൻ ലാൽജോസിന് കഴിഞ്ഞിട്ടുണ്ട്. നടി സുകുമാരിയെ കുറിച്ച് സംസാരിക്കുകയാണ് ലാൽജോസ്. സുകുമാരിക്ക്  അറ്റാക്ക് വന്നതിനാൽ തന്റെ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നില്ലെന്നും ആ സമയത്ത് യാത്ര ചെയ്യാനൊന്നും പറ്റില്ലായിരുന്നുവെന്നും ലാൽജോസ് പറയുന്നു.

ഒടുവിൽ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് കണ്ടപ്പോൾ മുമ്പത്തെ സിനിമയിൽ വിളിക്കാത്തതിന്റെയും താൻ ചെന്ന് കാണാത്തതിന്റെയും വിഷമത്തിൽ സുകുമാരി പൊട്ടിക്കരഞ്ഞെന്നും ലാൽജോസ് പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ലാൽജോസ്.

‘ക്ലാസ്സ്‌മേറ്റ്സ് എന്ന സിനിമ ചെയ്യുന്നതിന് മുമ്പ് സുകുമാരി ചേച്ചിക്ക് ഒരു അറ്റാക്ക് വന്നിരുന്നു. അത് കഴിഞ്ഞിട്ട് ഞാൻ ചെയ്യുന്ന സിനിമ അച്ഛനുറങ്ങാത്ത വീടാണ്. ആ സിനിമയിൽ ചേച്ചി ഇല്ലായിരുന്നു. ചേച്ചിയെ വിളിച്ചാൽ വരുമെന്ന് എനിക്കറിയാം, പക്ഷെ സുഖമില്ലാത്തതുകൊണ്ട് ഞാൻ ചേച്ചിയെ വിളിച്ചില്ല.

കാരണം ആ സമയത്ത് യാത്ര ചെയ്യാനൊന്നും പാടില്ല. അതുകൊണ്ട് ഞാൻ വിളിച്ചില്ല. അത് കഴിഞ്ഞിട്ട് ക്ലാസ്സ്മേറ്റ്സിലേക്ക് സുകു എന്ന കഥാപാത്രത്തിന്റെ അമ്മയാവാൻ ഞാൻ ചേച്ചിയെ വിളിച്ചിരുന്നു. ചേച്ചി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് മേക്കപ്പ് ചെയ്യുന്ന സ്ഥലത്തേക്ക് ഞാൻ കാണാൻ പോയിരുന്നു. ഞാൻ ചെന്നപ്പോൾ ചേച്ചിയെന്നെ കണ്ടപാടെ ഒറ്റ കരച്ചിലാണ്.

ഏങ്ങിയേങ്ങി കരയുകയാണ്. എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല, എന്താണ് സംഭവമെന്ന് അറിയില്ല. സുഖമില്ലാതെ കിടന്നപ്പോൾ എന്നെ കാണാൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ച ഒരേയൊരാൾ നീയായിരുന്നു, നീ വന്നില്ലെന്ന് മാത്രമല്ല അടുത്ത സിനിമ തുടങ്ങിയപ്പോൾ പറയുകയും ചെയ്തില്ല. എനിക്ക് റോളുണ്ടോ ഇല്ലയോ എന്നതല്ല അത് പറഞ്ഞില്ലല്ലോ, എന്ന് പറഞ്ഞ് ചേച്ചി കരയുകയായിരുന്നു.

ഞാനും കരഞ്ഞുപോയി. ഞാൻ ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ച് കുറെ സോറിയൊക്കെ പറഞ്ഞു. ചേച്ചിക്ക് സുഖമില്ലാത്തതുകൊണ്ടാണ് ഞാൻ വിളിക്കാഞ്ഞതെന്നും നമ്മൾ തമ്മിൽ കണ്ടാൽ ഇമോഷണലാവുമെന്ന് അറിയാവുന്നതും കൊണ്ടാണ് ഞാൻ ചേച്ചിയെ കാണാൻ വരാഞ്ഞതെന്ന് പറഞ്ഞു. ചേച്ചിയെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് അടുത്ത സിനിമയിൽ മനഃപൂർവം വിളിക്കാതിരുന്നതെന്നും ഞാൻ പറഞ്ഞു. ഇപ്പോൾ ഞാൻ വിളിച്ചില്ലേയെന്ന് ചോദിച്ചപ്പോൾ, ഞാൻ അറിയാതെ കരഞ്ഞുപോയതാണെന്ന് പറഞ്ഞ് സുകുമാരി ചേച്ചി കുറേ സോറിയൊക്കെ പറഞ്ഞു,’ലാൽജോസ് പറയുന്നു.

Content Highlight: Laljose Shares Memories Of Actress Sukumari

We use cookies to give you the best possible experience. Learn more