മീര ജാസ്മിന് ആ ചിത്രത്തിന്റെ കഥ മനസിലായില്ല, അതോടെ ഞാൻ മീരയെ ഒഴിവാക്കി ആ നടിയെ കണ്ടെത്തി: ലാൽജോസ്
Entertainment
മീര ജാസ്മിന് ആ ചിത്രത്തിന്റെ കഥ മനസിലായില്ല, അതോടെ ഞാൻ മീരയെ ഒഴിവാക്കി ആ നടിയെ കണ്ടെത്തി: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2024, 8:46 pm

ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ്‌ സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽജോസിന് കഴിഞ്ഞിരുന്നു.

ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം. ലാൽജോസിന്റെ സംവിധാനത്തിൽ 2008ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മുല്ല. വലിയ താരനിര അണിനിരന്ന ചിത്രത്തിൽ മീര നന്ദൻ ആയിരുന്നു നായിക. മീരയുടെ ആദ്യ ചിത്രം കൂടിയായിരുന്നു മുല്ല.

എന്നാൽ മീര നന്ദൻ അവതരിപ്പിച്ച ലാച്ചി എന്ന കഥാപാത്രത്തിലേക്ക് ആദ്യം കരുതിയത് മീര ജാസ്മിനെയായിരുന്നുവെന്ന് പറയുകയാണ് ലാൽജോസ്. കഥ പറയാനായി താൻ കൽക്കട്ട ന്യൂസ്‌ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നുവെന്നും എന്നാൽ മീരയ്‌ക്ക് തന്റെ കഥ മനസിലായില്ലെന്നും ലാൽജോസ് പറഞ്ഞു.

കഥ മനസിലാവാത്ത ഒരാളെ തന്റെ സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന് തീരുമാനിച്ചാണ് മീര നന്ദനിലേക്ക് എത്തിയതെന്നും ലാൽജോസ് പറഞ്ഞു. സഫാരി ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യത്തിൽ മുല്ലയിൽ അഭിനയിക്കേണ്ടിരുന്നത് മീര ജാസ്മിൻ ആയിരുന്നു. മീര ജാസ്മിനോട് കഥ പറയാൻ ഞാൻ കൽക്കട്ടയിൽ പോയിരുന്നു. അന്ന് ബ്ലെസിയുടെ കൽക്കട്ട ന്യൂസ്‌ എന്ന സിനിമയുടെ ഷൂട്ട്‌ നടക്കുകയായിരുന്നു.

അങ്ങനെ ഞാൻ മീരയോട് കഥ പറഞ്ഞു. കഥയൊക്കെ പറഞ്ഞ് തിരിച്ച് വന്നതിന് ശേഷം മീര ജാസ്മിൻ ദിലീപിനോട്‌ പറഞ്ഞു, ലാൽജോസ് വന്ന് കഥ പറഞ്ഞു, പക്ഷെ എനിക്ക് ഒന്നും മനസിലായില്ലെന്ന്.

കഥ മനസിലാവാത്ത ഒരാളെ കാസ്റ്റ് ചെയ്യേണ്ടെന്ന് കരുതിയാണ് പുതിയ ഒരാളെ നോക്കിയത്. അങ്ങനെയാണ് മീര നന്ദനെ കിട്ടുന്നത്. മീര നന്ദന്റെ ആദ്യ സിനിമ കൂടിയായിരുന്നു മുല്ല,’ലാൽജോസ് പറയുന്നു.

 

Content Highlight: Laljose Says That He Firstly Approach Meera Jasmin For Mulla Movie