| Tuesday, 27th February 2024, 10:07 am

ആ ചിത്രം ഒരു മർഡർ മിസ്‌റ്ററിയാണ്, പക്ഷെ പ്രേക്ഷകർ മറ്റൊരു രീതിയിൽ ഏറ്റെടുത്തിട്ടും പടം സൂപ്പർ ഹിറ്റായി: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങിയതിൽ വലിയ വിജയമായ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്.

മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ക്ലാസ്മേറ്റ്സിനെ പരിഗണിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ,നരേൻ, കാവ്യ മാധവൻ തുടങ്ങിയ യുവ താരങ്ങൾ അണിനിരന്ന ചിത്രം ഏറെ സ്വീകാര്യത നേടിയിരുന്നു.

എന്നാൽ ഒരു ക്യാമ്പസ്‌ ചിത്രമെന്ന നിലയിലല്ല താൻ ക്ലാസ്മേറ്റ്സിനെ വിലയിരുത്തുന്നതെന്ന് ലാൽജോസ് പറയുന്നു. അതൊരു മർഡർ മിസ്‌റ്ററിയാണെന്നും അതിനെ തൊണ്ണൂറുകളിലെ ക്യാമ്പസിൽ അവതരിപ്പിക്കുകയായിരുന്നുവെന്നും ലാൽജോസ് പറഞ്ഞു. ആ രഹസ്യം അവസാനിച്ചതിനാൽ ഇനിയൊരു രണ്ടാംഭാഗം ക്ലാസ്മേറ്റ്സിന് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ലാൽജോസ്.

‘ക്ലാസ്മേറ്റ്സ് അന്ന് ചെയ്തില്ലെങ്കിൽ ഇന്നും ചെയ്യാമായിരുന്നു. അത് എന്നും ചെയ്യാൻ കഴിയുന്ന ഒരു സിനിമയാണ്. എല്ലാകാലത്തും അതിന് സാധ്യതയുണ്ട്. അതിനൊരു രണ്ടാംഭാഗത്തിന് സാധ്യതയൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം സാധ്യതയില്ല. ഇനി ജെയിംസ് ആൽബർട്ട് എപ്പോഴെങ്കിലും ഒരു രണ്ടാംഭാഗം കണ്ടെത്തുമോയെന്ന് എനിക്കറിയില്ല. എനിക്ക് അതൊരു അവസാനിച്ച ചിത്രമാണ്.

ക്ലാസ്മേറ്റ്സിനെ വിലയിരുത്തപ്പെട്ടത്ത് തൊണ്ണൂറുകളിലെ ഒരു കോളേജ് പടം എന്ന രീതിയിലായിരുന്നു. പ്രേക്ഷകർ ഇപ്പോഴും അതിനെ കുറിച്ച് പറയുന്നതും അന്ന് ഏറ്റെടുത്തതും അത് പറഞ്ഞിട്ടാണ്. പക്ഷെ എന്നെ സംബന്ധിച്ച് ആ സിനിമ അങ്ങനെയല്ല. ക്ലാസ്മേറ്റ്സ് ഒരു മർഡർ മിസ്‌റ്ററിയാണ്. അത് ഞങ്ങൾ ഒരു കോളേജിൽ അവതരിപ്പിച്ചു എന്ന് മാത്രമേയുള്ളൂ.

അറിയാതെ ചെയ്ത് പോയ ഒരു കൊലപാതകത്തിന്റെ രഹസ്യം പുറത്തുകൊണ്ടുവരുന്ന ഒരു ചിത്രമാണത്. അങ്ങനെയുള്ള സിനിമയുടെ ഒരു പ്രശ്നം, അത് കണ്ട് ഇറങ്ങുന്ന ചിലർ സിനിമയിലെ സസ്പെൻസ് പുറത്തുപറയും.

അങ്ങനെ പുറത്തുപറയാതിരിക്കാൻ വേണ്ടിയാണ് അതിനേക്കാൾ ആളുകളുടെ ഫോക്കസ് ഒരു ക്യാമ്പസ്‌ സിനിമയിലേക്ക് നൽകി കൊണ്ട് ഞങ്ങൾ അവതരിപ്പിച്ചത്. ആ മർഡർ മിസ്‌റ്ററി തീർന്നതാണ്. അതുകൊണ്ട് ഇനിയൊരു രണ്ടാംഭാഗം ആ സിനിമയ്ക്ക് ഉണ്ടാവില്ല,’ലാൽജോസ് പറയുന്നു.

Content Highlight: Laljose Says That Classmates Is A Murder Mystry Movie

We use cookies to give you the best possible experience. Learn more