മലയാളത്തിലെ ആ നടൻ തമിഴിലെ വിക്രമിനെ പോലെ, രണ്ടുപേരും ഒരുപാട് ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്: ലാൽജോസ്
Entertainment
മലയാളത്തിലെ ആ നടൻ തമിഴിലെ വിക്രമിനെ പോലെ, രണ്ടുപേരും ഒരുപാട് ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd December 2024, 8:14 pm

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചയാളാണ് ജോജു ജോര്‍ജ്. തുടര്‍ന്ന് ക്യാമറക്ക് മുന്നിലേക്കും ജോജു കടന്നുവന്നു. തുടക്കകാലത്ത് പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ജോജു പിന്നീട് മലയാളസിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നടനെന്ന രീതിയില്‍ വളര്‍ന്നു.

ജോസഫ് എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ജോജു മൂന്ന് സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും സ്വന്തമാക്കിയിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ നിരവധി ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ജോജു ലാൽജോസിന്റെ സിനിമകളിലും ഭാഗമായിട്ടുണ്ട്.

ജോജുവിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽജോസ്. പല സമയങ്ങളിൽ താൻ ജോജുവിനെ കണ്ടിട്ടുണ്ടെന്നും കാണുമ്പോഴെല്ലാം ജോജു പല ജോലികൾ ചെയ്യുന്നുണ്ടായിരുന്നുവെന്നും ലാൽജോസ് പറയുന്നു.

സിനിമയിൽ നിലനിൽക്കാനായി 20 വർഷത്തോളം ഹാർഡ് വർക്ക്‌ ചെയ്ത നടനാണ് ജോജുവെന്നും ലാൽജോസ് പറഞ്ഞു. തമിഴ് സിനിമയിൽ വിക്രം അങ്ങനെയായിരുന്നുവെന്നും ഒരുപാട് ഹാർഡ് വർക്ക് ചെയ്ത ശേഷമാണ് വിക്രം സൂപ്പർസ്റ്റാറായതെന്നും ലാൽജോസ് കൂട്ടിച്ചേർത്തു.

‘പല കാലഘട്ടങ്ങളിൽ ഞാൻ ജോജുവിനെ കണ്ടിട്ടുണ്ട്. പല റോളുകളിൽ പല ജോലികൾ ചെയ്യുന്ന ജോജുവിനെ ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ സ്ഥല കച്ചവടമായിരിക്കും ചിലപ്പോൾ വണ്ടി കച്ചവടമായിരിക്കും. ചിലപ്പോൾ സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങിയിട്ടുണ്ടാവും.

20 വർഷത്തോളം അങ്ങനെ പല ജോലികൾ ചെയ്ത് സിനിമയിൽ നിൽക്കാൻ വേണ്ടി ശ്രമിച്ച നടനാണ് ജോജു. വളരെ അപൂർവം ആളുകളെ മാത്രമേ ഞാൻ അങ്ങനെ കണ്ടിട്ടുള്ളൂ.

തമിഴ് നടൻ വിക്രമൊക്കെ അങ്ങനെയാണ്. വിക്രം പത്തുപതിനഞ്ചു വർഷം ചെറിയ വേഷത്തിൽ മലയാളത്തിലൊക്കെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിനുശേഷമാണ് വിക്രം അവിടുത്തെ ഒരു സൂപ്പർസ്റ്റാറായി മാറുന്നത്. മലയാളത്തിൽ ജോജു അതുപോലൊരു ഉദാഹരണമാണ്,’ലാൽജോസ് പറയുന്നു.

 

Content Highlight: Laljose About Vikram And Joju Gorge