| Saturday, 19th October 2024, 8:56 pm

ക്ലാസിക്കായി മാറേണ്ട, ഇന്റർനാഷണൽ ടച്ചുള്ള ആ മോഹൻലാൽ ചിത്രം പരാജയപ്പെടാൻ കാരണമുണ്ട്: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ്‌ സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽജോസിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം.

കരിയർ തുടങ്ങി വർഷങ്ങൾക്ക് ശേഷമാണ് ലാൽജോസ് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്തത്. വെളിപാടിന്റെ പുസ്തകം എന്ന ആ ചിത്രം ബോക്സ് ഓഫീസിൽ പരാജയപെടുകയായിരുന്നു. എന്നാൽ ഒരു ക്ലാസിക്കായി മാറേണ്ട ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകമെന്നും അതൊരു ഇന്റർനാഷണൽ വിഷയമായിരുന്നുവെന്നും ലാൽജോസ് പറയുന്നു. ആ ചിത്രത്തിനായി മാറ്റിവെക്കാൻ ഒരുപാട് സമയം കിട്ടിയില്ലെന്നും അത് തന്നെയാണ് സിനിമയുടെ പരാജയത്തിന് കാരണമെന്നും ലാൽജോസ് പറഞ്ഞു.

‘ലാലേട്ടനുവേണ്ടി മൂന്ന് സബ്ജക്ടുകള്‍ ആലോചിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ട് അതൊന്നും നടന്നില്ല. വളരെ യാദൃച്ഛികമായി ബെന്നി പി. നായരമ്പലം എന്നോട് പറഞ്ഞ ചിന്തയില്‍നിന്നാണ് വെളിപാടിന്റെ പുസ്തകം പിറക്കുന്നത്.

നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ ഒരു കഥാപാത്രമായി അഭിനയിക്കേണ്ടിവരുന്നു. ആ വേഷം അയാളില്‍നിന്ന് ഇറങ്ങിപ്പോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റര്‍നാഷണല്‍ വിഷയമാണെന്ന് തോന്നി. ക്ലാസിക് ആവേണ്ട സിനിമയായിരുന്നു.

വെറും ഒമ്പതു ദിവസംകൊണ്ടാണ് സിനിമയുടെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയത്. ഒടിയന്‍ തുടങ്ങുന്നതിനുമുമ്പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു.
അവര്‍ തന്നെയാണ് ചിത്രം നിര്‍മിച്ചതും. നിങ്ങളിപ്പോള്‍ റെഡിയാണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ ഞാനും സമ്മതം മൂളി.

സാധാരണ ഞാന്‍ ചെയ്യുന്ന രീതിയേ അല്ല അത്. ‘അയാളും ഞാനും തമ്മില്‍’ ഒന്നരവര്‍ഷംകൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോള്‍ ഉണ്ടായത്. പലതവണ ഞങ്ങളിരുന്ന് ചര്‍ച്ചചെയ്തും പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചുമൊക്കെയാണ് അത് പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ ഞാന്‍ മറ്റ് ചില പ്രോജക്ടുകളും ചെയ്തു.

പക്ഷേ വെളിപാടിന്റെ പുസ്തകത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പത് ദിവസംകൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറയുകയായിരുന്നു. അവര്‍ക്കത് ഇഷ്ടമായി. ലാലേട്ടന്‍ ഒന്നുരണ്ട് ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനൊക്കെ മറുപടി പറഞ്ഞു. അടുത്തമാസം ദിവസം ഷൂട്ടിങ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.

പിന്നെയുള്ള സമയത്ത് എഴുതിപ്പൂര്‍ത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. വീണ്ടുമൊരു ചര്‍ച്ചയ്‌ക്കോ പുനരാലോചനയ്‌ക്കോ സമയം കിട്ടിയില്ല. ഇതിനുമുമ്പ് കസിന്‍സ്, ബലരാമന്‍ എന്നീ പ്രോജക്ടുകള്‍ ലാലേട്ടനെവെച്ച് ഞാന്‍ ആലോചിച്ചിരുന്നു. ബലരാമനാണ് പദ്മകുമാര്‍ പിന്നീട് ‘ശിക്കാര്‍’ എന്നപേരില്‍ സിനിമയാക്കിയത്,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Laljose About Velipadinte Pusthakam Movie

We use cookies to give you the best possible experience. Learn more