| Wednesday, 20th November 2024, 3:04 pm

എൽ.ജെ ഫിലിംസിനെ ലക്കി ബാനറാക്കിയത് ആ നിവിൻ പോളി ചിത്രമാണ്: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇക്‌ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ ലാൽജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഡയമണ്ട് നെക്ലേസ്.

തന്റെ കരിയറിന്റെ തുടക്കത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഒരു ശ്രദ്ധേയ കഥാപാത്രമായിരുന്നു ചിത്രത്തിലെ ഡോ.അരുൺ കുമാർ. അരുൺ കുമാർ എന്ന യുവാവിന്റെ ജീവിതവും അയാളുടെ ലൈഫിലേക്ക് കടന്നുവരുന്ന മൂന്ന് സ്ത്രീകളുടെയും കഥയാണ് സിനിമ പറഞ്ഞത്.

ലാൽജോസിന്റെ പ്രൊഡക്ഷൻ കമ്പനിയായ എൽ.ജെ. ഫിലിംസ് ആദ്യമായി നിർമിച്ച സിനിമ കൂടിയായിരുന്നു ഡയമണ്ട് നെക്ലേസ്. എൽ. ജെ ഫിലിംസ് എന്ന തന്റെ സ്വപ്ന പ്രസ്ഥാനം തുടങ്ങാൻ പറ്റിയ സിനിമയായിരുന്നു അതെന്നും ഡയമണ്ട് നെക്ലേസ് മികച്ച വിജയമായെന്നും ലാൽജോസ് പറയുന്നു. എന്നാൽ എൽ.ജെ ഫിലിംസ് ഒരു ലക്കി ബാനറായി മാറുന്നത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലൂടെയാണെന്നും ലാൽജോസ് പറഞ്ഞു.

‘വലിയ പ്രശ്നങ്ങൾ ഇല്ലാതെ തന്നെ എനിക്ക് ഡയമണ്ട് നെക്ലേസ് പൂർത്തിയാക്കാൻ പറ്റി. എൽ. ജെ ഫിലിംസ് എന്ന എന്റെ സ്വപ്ന പ്രസ്ഥാനം ഏറ്റവും നല്ല സിനിമയിലൂടെ തന്നെ എനിക്ക് തുടങ്ങാൻ പറ്റി എന്നതാണ് സത്യം. ഡയമണ്ട് നെക്ലേസ് തിയേറ്ററിൽ വലിയ വിജയമായി മാറി.

എൽ. ജെ ഫിലിംസ് എന്നൊരു കമ്പനി ആ സിനിമയിലൂടെ തന്നെ നന്നായി വളർന്ന് വന്നു. അതിന്റെ തുടർച്ചയായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന സിനിമയും വന്നു. ശ്രീനിയേട്ടനും മുകേഷേട്ടനുമായിരുന്നു അതിന്റ നിർമാതാക്കൾ. അതിന്റെ ഡിസ്ട്രിബ്യൂഷൻ ഞങ്ങളായിരുന്നു.

ഡയമണ്ട് നെക്ലേസിനെ പിന്തുടർന്ന് തട്ടത്തിൻ മറയത്ത് എന്ന സൂപ്പർ ഹിറ്റ്‌ സിനിമ കൂടി വന്നപ്പോൾ എൽ. ജെ ഫിലിംസ് ഒരു ലക്കി ബാനറായി മാറി. തുടർച്ചയായി രണ്ട് ഹിറ്റുകൾ വന്ന ഒരു കമ്പനിയായി എൽ. ജെ ഫിലിംസ് മാറി,’ലാൽജോസ് പറയുന്നു.

തട്ടത്തിൻ മറയത്ത്

നടൻ നിവിൻ പോളിക്ക് വലിയ ആരാധകരെ നേടികൊടുത്ത ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. വിനോദിന്റെയും ആയിഷയുടെയും പ്രണയ കഥ പറഞ്ഞ ചിത്രം മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയ്‌ക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയായിരുന്നു.

ഇഷാ താൽവാർ, അജു വർഗീയ, ദീപക് പറമ്പോൽ, ശ്രീനിവാസൻ, മനോജ്‌ കെ. ജയൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം തലശ്ശേരിയുടെ പശ്ചാത്തലത്തിലായിരുന്നു കഥ പറഞ്ഞത്. ഷാൻ റഹ്മാൻ ഒരുക്കിയ സിനിമയിലെ ഗാനങ്ങൾ വലിയ സ്വീകാര്യത നേടിയിരുന്നു.

Content Highlight: laljose About Thattathin Marayath Movie

We use cookies to give you the best possible experience. Learn more