എത്ര പണം തരാമെന്ന് പറഞ്ഞാലും സ്വന്തം ഐഡന്റിറ്റി ഒരു അഭിനേതാവ് അങ്ങനെ ഉപയോഗിക്കില്ല, പക്ഷെ ആ നടി തയ്യാറായി: ലാൽജോസ്
Entertainment
എത്ര പണം തരാമെന്ന് പറഞ്ഞാലും സ്വന്തം ഐഡന്റിറ്റി ഒരു അഭിനേതാവ് അങ്ങനെ ഉപയോഗിക്കില്ല, പക്ഷെ ആ നടി തയ്യാറായി: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd December 2024, 8:10 am

ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ്‌ സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽജോസിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം.

ഒടുവിൽ ഉണ്ണികൃഷ്‌ണൻ, കുതിരവട്ടം പപ്പു, സുകുമാരി, ഇന്നസെന്റ് തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളോടൊപ്പമെല്ലാം വർക്ക് ചെയ്യാൻ ലാൽജോസിന് കഴിഞ്ഞിട്ടുണ്ട്. നടി സുകുമാരിയെ കുറിച്ച് സംസാരിക്കുകയാണ് ലാൽജോസ്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിരിയോ ചിരി എന്ന ചിത്രത്തിൽ സ്വന്തം പേരിൽ സുകുമാരിയെന്ന നടിയായിട്ട് തന്നെയാണ് സുകുമാരി അഭിനയിച്ചിട്ടുള്ളതെന്നും എന്നാൽ സിനിമയിൽ അതൊരു നെഗറ്റീവ് കഥാപാത്രമാണെന്നും ലാൽജോസ് പറയുന്നു.

Laljose About Memories Of Sukumari 

എത്ര പണം കിട്ടുമെന്ന് പറഞ്ഞാലും സ്വന്തം ഐഡന്റിറ്റി വെച്ചൊരാൾ അങ്ങനെ അഭിനയിക്കില്ലെന്നും എന്നാൽ നിഷ്കളങ്കത കാരണമാണ് സുകുമാരി അഭിനയിച്ചതെന്നും ലാൽജോസ് പറഞ്ഞു. താൻ അതിനെ കുറിച്ച് പിന്നീട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് വലിയ അത്ഭുതം തോന്നിയ ഒരു കാര്യമുണ്ട്. എത്ര പൈസ തരാമെന്ന് പറഞ്ഞാലും ആരും തയ്യാറാവാത്ത കാര്യമാണ്. ഞാനൊന്നും ഒരിക്കലും ചെയ്യില്ല. ചിരിയോ ചിരി എന്ന സിനിമയുണ്ട്. ബാലചന്ദ്രമേനോൻ സാർ സംവിധാനം ചെയ്തതാണ്. അതിൽ ബാലചന്ദ്രമേനോനെയും മണിയൻപിള്ള രാജുവിനെയും പറ്റിക്കുന്ന നടി സുകുമാരിയായിട്ടാണ് ചേച്ചി അഭിനയിച്ചിട്ടുള്ളത്. സ്വന്തം പേരിൽ.

അവരുടെ ഐഡന്റിറ്റി ഉപയോഗിച്ച് ഒരു ദുഷ്ട കഥാപാത്രമാണ് സുകുമാരി ചേച്ചി ചെയ്തത്. പിന്നീട് ഞാൻ ചേച്ചിയെ പരിചയപ്പെട്ടപ്പോൾ ചോദിച്ചിട്ടുണ്ട്, ചേച്ചി എന്ത് മണ്ടത്തരമാണ് കാണിച്ചതെന്ന്. അതെന്താ അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ സുകുമാരി ചേച്ചി, അതിനെന്താ എല്ലാവർക്കും അറിയാമല്ലോ നമ്മൾ അങ്ങനെയൊന്നുമല്ലായെന്ന്, അത് സിനിമയല്ലേ, എന്നായിരുന്നു മറുപടി തന്നത്.

ഞാൻ ചോദിച്ചു സിനിമയിൽ ക്രൂരമായ ഒരു കഥാപാത്രമായിട്ടല്ലേ അഭിനയിച്ചിട്ടുള്ളതെന്ന്. അതൊന്നും കുഴപ്പമില്ല, ആ സുകുമാരിയല്ല ഈ സുകുമാരിയെന്ന് എല്ലാവർക്കും അറിയുന്നതാണെന്ന് ചേച്ചി പറഞ്ഞു. ഒരു നിഷ്കളങ്കത കൊണ്ട് ചെയ്യുന്നതാണ് അതെല്ലാം. ഒരുപക്ഷെ പിന്നെ ആ സിനിമ കണ്ടപ്പോൾ അബദ്ധം തോന്നിയിട്ടുണ്ടാവാം,’ലാൽജോസ് പറയുന്നു.

Content Highlight: Laljose About Sukumari’s Charcter In Chiriyo chiri Movie