ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച അദ്ദേഹം ഇന്ന് അഭിനേതാവായും സിനിമയിൽ സജീവമാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ലാൽജോസ് ഒരുക്കിയ വിജയ ചിത്രമായിരുന്നു ഡയമണ്ട് നെക്ലേസ്. സംവൃത സുനിൽ, അനുശ്രീ, ഗൗതമി നായർ എന്നിവരായിരുന്നു സിനിമയിലെ നായികമാർ.
ലാൽജോസിന്റെ പ്രൊഡക്ഷൻ കമ്പനിയായ എൽ.ജെ. ഫിലിംസ് ആദ്യമായി നിർമിച്ച സിനിമ കൂടിയായിരുന്നു ഡയമണ്ട് നെക്ലേസ്.
എൽ. ജെ ഫിലിംസ് എന്ന തന്റെ സ്വപ്ന പ്രസ്ഥാനം തുടങ്ങാൻ പറ്റിയ സിനിമയായിരുന്നു അതെന്നും ഡയമണ്ട് നെക്ലേസ് മികച്ച വിജയമായെന്നും ലാൽജോസ് പറയുന്നു. എന്നാൽ എൽ.ജെ ഫിലിംസ് ഒരു ലക്കി ബാനറായി മാറുന്നത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലൂടെയാണെന്നും ലാൽജോസ് പറഞ്ഞു.
‘വലിയ പ്രശ്നങ്ങൾ ഇല്ലാതെ തന്നെ എനിക്ക് ഡയമണ്ട് നെക്ലേസ് പൂർത്തിയാക്കാൻ പറ്റി. എൽ. ജെ ഫിലിംസ് എന്ന എന്റെ സ്വപ്ന പ്രസ്ഥാനം ഏറ്റവും നല്ല സിനിമയിലൂടെ തന്നെ എനിക്ക് തുടങ്ങാൻ പറ്റി എന്നതാണ് സത്യം. ഡയമണ്ട് നെക്ലേസ് തിയേറ്ററിൽ വലിയ വിജയമായി മാറി.
എൽ. ജെ ഫിലിംസ് എന്നൊരു കമ്പനി ആ സിനിമയിലൂടെ തന്നെ നന്നായി വളർന്ന് വന്നു. അതിന്റെ തുടർച്ചയായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന സിനിമയും വന്നു. ശ്രീനിയേട്ടനും മുകേഷേട്ടനുമായിരുന്നു അതിന്റ നിർമാതാക്കൾ. അതിന്റെ ഡിസ്ട്രിബ്യൂഷൻ ഞങ്ങളായിരുന്നു.
ഡയമണ്ട് നെക്ലേസിനെ പിന്തുടർന്ന് തട്ടത്തിൻ മറയത്ത് എന്ന സൂപ്പർ ഹിറ്റ് സിനിമ കൂടി വന്നപ്പോൾ എൽ. ജെ ഫിലിംസ് ഒരു ലക്കി ബാനറായി മാറി. തുടർച്ചയായി രണ്ട് ഹിറ്റുകൾ വന്ന ഒരു കമ്പനിയായി എൽ. ജെ ഫിലിംസ് മാറി,’ലാൽജോസ് പറയുന്നു.
Content Highlight: Laljose About Success Of Thattathin Marayath Movie