ഈ വർഷം ബോക്സ് ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വമ്പൻ വിജയമായ ചിത്രമാണ് പ്രേമലു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇറങ്ങിയ റോം കോം ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായ ഒന്നാണ്. പ്രേമലു വലിയ വിജയമായി മാറണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് താനാണെന്ന് പറയുകയാണ് സംവിധായകൻ ലാൽജോസ്.
സിനിമാട്ടോഗ്രാഫർ അജ്മലിന് വേണ്ടിയാണ് താനങ്ങനെ ആഗ്രഹിച്ചതെന്നും അജ്മലിന്റെ മുമ്പത്തെ സിനിമകൾ പരാജയമായിരുന്നുവെന്നും ലാൽജോസ് പറയുന്നു. പ്രേമലു ഹിറ്റായില്ലെങ്കിൽ അജ്മൽ നിർഭാഗ്യവാനാണെന്ന സംസാരം വരുമെന്നും ലാൽ ജോസ് പറഞ്ഞു.
സിനിമ വലിയ ഇൻവെസ്റ്റ്മെന്റ് ഉള്ള ഒരു ബിസിനസ് ആയതുകൊണ്ട് ഹിറ്റായ സിനിമയുടെ ക്യാമറാമാൻ വേണമെന്ന് ആളുകൾ പറയുമെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ പ്രേമലുവിന്റെ വിജയത്തിന് വേണ്ടി താൻ പ്രാർത്ഥിച്ചിരുന്നെന്നും ലാൽ ജോസ് ക്യൂ സ്റ്റുഡിയോയോട് പറഞ്ഞു.
‘പ്രേമലുവിനു വേണ്ടി അതിന്റെ നിർമാതാക്കളെക്കാളും ഡയറക്ടറേക്കാളും ആർട്ടിസ്റ്റുകളെക്കാളും കൂടുതൽ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. കാരണം അത് അജ്മലിന് വേണ്ടിയിട്ടാണ്. അജ്മലിന്റെ മൂന്നാമത്തെ സിനിമയാണത്. അതൊരു ഹിറ്റായില്ലെങ്കിൽ ചിലപ്പോൾ അയാൾ നിർഭാഗ്യവാൻ ആണെന്ന് ആളുകൾ പറയും. സിനിമയിൽ ആരെയും കുറ്റം പറയാൻ പറ്റില്ല.
സിനിമ വലിയ ഇൻവെസ്റ്റ്മെന്റ് ഉള്ള ഒരു ബിസിനസ് ആയതുകൊണ്ട് ഹിറ്റായ സിനിമയുടെ ക്യാമറാമാനെ നോക്കാമെന്ന് പറഞ്ഞ് ആളുകൾ മാറിപ്പോകും. ഞാൻ അയാൾക്ക് വേണ്ടിയിട്ടും ആ സിനിമയ്ക്ക് വേണ്ടിയിട്ടും പ്രാർത്ഥിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു സ്ഥലത്ത് ഓപ്പൺ ആയിട്ട് പറയുന്നത്. ഞാൻ പ്രേമലുവിന്റെ വിജയത്തിന് വേണ്ടി അത്രയും പ്രാർത്ഥിച്ചിട്ടുണ്ട്.
അല്ലെങ്കിൽ അജ്മലിന് കുഴപ്പമാകും എന്നുള്ളതുകൊണ്ടാണ്. ഞാൻ ഒരാളുടെ ടാലൻറ് മുഴുവനായിട്ട് കണ്ടിട്ട് ചൂഴ്ന്നു നോക്കി ഒന്നുമല്ല തെരഞ്ഞെടുക്കുന്നത്. എനിക്ക് വ്യക്തിപരമായിട്ടുള്ള ഇഷ്ടത്തിൽ നിന്നാണ് ഞാൻ ഒരാളെ സെലക്ട് ചെയ്യുന്നത്,’ ലാൽ ജോസ് പറഞ്ഞു.
Content Highlight: Laljose About Premalu Movie success