| Saturday, 11th January 2025, 11:21 am

എന്റെ സിനിമയിൽ അഭിനയിക്കാൻ മഞ്ജു വരില്ലെന്ന് വൈകിയാണ് അറിഞ്ഞത്, ഒടുവിൽ മമ്മൂക്കയുടെ നായികയെ മാറ്റി: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ വ്യക്തിയാണ് ലാൽജോസ്. മമ്മൂട്ടി, ദിവ്യ ഉണ്ണി, ബിജു മേനോൻ, മോഹിനി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനായിരുന്നു. വലിയ വിജയമായി മാറിയ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ദിവ്യ ഉണ്ണി വേഷമിട്ടത്.

എന്നാൽ ദിവ്യ ഉണ്ണിക്ക് പകരം ആദ്യം ആ വേഷത്തിലേക്ക് തീരുമാനിച്ചത് മഞ്ജു വാര്യരെയായിരുന്നുവെന്ന് പറയുകയാണ് ലാൽജോസ്. ഷൂട്ടിങ്ങിന് തൊട്ടുമുമ്പ് മഞ്ജു തന്റെ സിനിമയിൽ വരുന്നില്ലെന്ന് കേട്ടെന്നും പെട്ടെന്ന് തന്നെ ദിവ്യ ഉണ്ണിയെ വിളിക്കേണ്ടി വന്നെന്നും ലാൽജോസ് പറയുന്നു.

ദിലീപുമായുള്ള മഞ്ജുവിന്റെ അടുപ്പം അന്ന് വലിയ വാർത്തയായി മാറിയപ്പോൾ മഞ്ജു വാര്യരുടെ പിതാവിന് ദിലീപിന്റെ സുഹൃത്തായ തന്റെ സിനിമയിൽ മഞ്ജു അഭിനയിക്കുന്നതിൽ എതിർപ്പുണ്ടായതാണ് അതിന് കാരണമെന്നും ലാൽജോസ് പറഞ്ഞു. പിന്നീട് സിനിമയിലെ രണ്ട് നായികമാരെയും തനിക്ക് മാറ്റേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിത മാഗസിനോട് സംസാരിക്കുകയിരുന്നു ലാൽജോസ്.

‘നായിക ആനിയുടെ റോളിലേക്ക് മഞ്ജു വാര്യരെയാണ് തീരുമാനിച്ചിരുന്നത്. റിക്കോർഡിങ് തുടങ്ങുന്നതിന് തൊട്ടു മുമ്പ് അശനിപാതം പോലെ ആ വാർത്ത എത്തി. ‘എന്റെ സിനിമയിൽ അഭിനയിക്കാൻ മഞ്ജു വരില്ല.’ ദിലീപും മഞ്ജുവുമായുള്ള അടുപ്പം അപ്പോഴേക്കും സിനിമ സെറ്റുകളിൽ പാട്ടായിക്കഴിഞ്ഞിരുന്നു.

അതുകൊണ്ടാകാം ദിലീപിന്റെ സുഹൃത്തായ എൻ്റെ സിനിമയിൽ മകളെ അഭിനയിപ്പിക്കില്ലെന്ന് മഞ്ജുവിൻ്റെ അച്ഛൻ വാശിപിടിച്ചത്. മഞ്ജു മാറിയാൽ മറ്റു പലരെയും മാറ്റേണ്ടിവരും. അഭിനേതാക്കളെ മാറ്റാതെ സിനിമ മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത സ്‌ഥിതി. വിഷമിച്ചിരിക്കാൻ നേരമില്ല. പെട്ടെന്ന് തന്നെ തീരുമാനങ്ങളെടുത്തു. മഞ്ജുവിനു പകരം ദിവ്യ ഉണ്ണി. ബിജു മേനോൻ്റെ നായികയായി നിശ്ച‌യിച്ചിരുന്ന ശ്രീലക്ഷ്മ്‌മിക്ക് പകരം മോഹിനി.

മാറ്റങ്ങൾ അറിഞ്ഞപ്പോൾ മമ്മൂക്കയ്ക്കു സംശയം, ‘ദിവ്യയുമായുള്ള പ്രായവ്യത്യാസം പ്രണയരംഗങ്ങൾക്കുയോജിക്കാതെ വരുമോ?’ ഞാൻ സമാധാനിപ്പിച്ചു. ‘ഇല്ല മമ്മൂക്ക. ഒന്നാമത് നായികയ്ക്ക് നായകനോട് വൺ സൈഡ് പ്രേമമാണ്. പിന്നെ ഇന്റിമസി സീനുകൾ ഒന്നും സിനിമയിലില്ല.’ അങ്ങനെ മഞ്ജുവിന് പകരം ദിവ്യ എത്തി,’ലാൽജോസ് പറയുന്നു.

Content Highlight: Laljose About Manju Warrior And Oru Maravathoor Kanav Movie

We use cookies to give you the best possible experience. Learn more