Entertainment
ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം കഥാപാത്രം അവസാന നാളുകളിൽ ആ നടന് വലിയ ശല്യമായി മാറി: ലാൽ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 18, 09:34 am
Saturday, 18th January 2025, 3:04 pm

ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ്‌ സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽ ജോസിന് കഴിഞ്ഞിരുന്നു.

ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം. ഒടുവിൽ ഉണ്ണികൃഷ്‌ണൻ, കുതിരവട്ടം പപ്പു, സുകുമാരി, ഇന്നസെന്റ്, മാള അരവിന്ദൻ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളോടൊപ്പമെല്ലാം വർക്ക് ചെയ്യാൻ ലാൽ ജോസിന് കഴിഞ്ഞിട്ടുണ്ട്.

മാള അരവിന്ദനെ കുറിച്ച് സംസാരിക്കുകയാണ് ലാൽജോസ്. ലാൽജോസിന്റ മീശമാധവൻ, പട്ടാളം, ചാന്തുപൊട്ട് തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ മാള അരവിന്ദൻ അവതരിപ്പിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ഡയബറ്റീസ് വന്ന് നടക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നെന്നും അന്ന് വീടിനടുത്തുള്ള പിള്ളേർ അദ്ദേഹത്തെ മീശമാധവനിലെ കഥാപാത്രത്തിന്റെ പേരായ മുള്ളാണി പപ്പൻ എന്നായിരുന്നു വിളിച്ചിരുന്നതെന്നും ലാൽജോസ് പറയുന്നു. അഭിനയ ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള ആ കഥാപാത്രം അവസാന നാളുകളിൽ മാള അരവിന്ദന് വലിയ ഇറിറ്റേറ്റഡായി തോന്നിയെന്നും ലാൽജോസ് കൂട്ടിച്ചേർത്തു. അമൃത ടി.വിയോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രം തന്നെ അവസാന നാളുകളിൽ അദ്ദേഹത്തെ ഇറിറ്റേറ്റ് ചെയ്തിരുന്നു
– ലാൽജോസ്

‘ചെറുപ്പം മുതൽ സിനിമ കാണുമ്പോൾ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഒരു നടനായിരുന്നു മാള ചേട്ടൻ. എന്റെ കുറച്ചധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആക്ടിങ്ങിന്റെ ഒരു സെക്കന്റ് ഫേസിൽ വളരെ ശ്രദ്ധിക്കപ്പെട്ട കുറച്ച് കഥാപാത്രങ്ങൾ സമ്മാനിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.

മീശമാധവനിലെ മുള്ളാണി പപ്പനൊക്കെ അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്. അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ എപ്പോഴുമുള്ള ഒരു സങ്കടം, അദ്ദേഹത്തിന്റെ അവസാന കാലത്ത് ഡയബറ്റീസ് കൂടിയിട്ട് കാലിന്റെ അടിയിൽ വളരെ സോഫ്റ്റാവുന്ന തരത്തിൽ ഒരു അസുഖം വന്നതാണ്. ഷുഗർ ഉള്ള ആളുകൾക്ക് അങ്ങനെയൊരു പ്രശ്നം വരും.

ആ സമയത്ത് അദ്ദേഹത്തിന് നടക്കുമ്പോൾ കാലിന്റെ അടിയുടെ സ്പർശനത്തിൽ സംശയം ഉണ്ടായിരുന്നു. അങ്ങനെ നിലത്ത് കാൽ വെച്ച് ഒരു പ്രത്യേക രീതിയിലായിരുന്നു അദ്ദേഹം നടന്നിരുന്നത്. അദ്ദേഹം നടക്കുന്നത് കണ്ട് അടുത്ത വീട്ടിലെ പിള്ളേർ മുള്ളാണി പപ്പായെന്ന് വിളിക്കുമായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട, ഏറ്റവും പ്രസിദ്ധി നേടിക്കൊടുത്ത ഒരു കഥാപാത്രം തന്നെ അവസാന നാളുകളിൽ അദ്ദേഹത്തെ ഇറിറ്റേറ്റ് ചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകൻ എന്നോട് പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വലിയ സങ്കടം തോന്നി,’ലാൽ ജോസ് പറയുന്നു.

Content Highlight: Laljose About Mala Aravindhan