ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ് സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽജോസിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം.
ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന്റെ അവസാന നിമിഷമാണ് നടൻ കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന് ലാൽജോസ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ക്ലാസ്മേറ്റ്സിന് ശേഷം കുഞ്ചാക്കോ ബോബനോട് തനിക്ക് പിണക്കമായിരുന്നുവെന്നും പിന്നീട് ഒരു യാത്രക്കിടയിലാണ് എൽസമ്മയെന്ന ആൺകുട്ടി എന്ന സിനിമയെ കുറിച്ച് താൻ ചാക്കോച്ചനോട് പറയുന്നതെന്നും ലാൽജോസ് പറയുന്നു. ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ കുഞ്ചാക്കോ ബോബൻ ഓക്കെ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ക്ലാസ്മേറ്റ്സ് കഴിഞ്ഞ സമയത്ത് ചാക്കോച്ചനോട് എനിക്കൊരു ചെറിയ പിണക്കം ഉണ്ടായിരുന്നു. കാരണം അവസാന നിമിഷമാണ് പുള്ളി ക്ലാസ്മേറ്റ്സിൽ നിന്ന് പിന്മാറിയത്.
ബെന്നി.പി. നായരമ്പലവും സാബു ചെറിയാൻ എന്ന പ്രൊഡ്യൂസറുമെല്ലാം കൂടി ഒരു വേളാങ്കണ്ണി യാത്ര നടത്തിയിരുന്നു. അതിൽ ചാക്കോച്ചനും പ്രിയയും ഉണ്ടായിരുന്നു. അവരൊക്കെ കൂട്ടുകാരായിരുന്നു. ചാക്കോച്ചൻ ആ സമയത്ത് സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന നേരമാണ്.
തിരിച്ചുവരവിനെ കുറിച്ചൊക്കെ പറയുമ്പോൾ ഞാൻ എപ്പോഴും ചാക്കോച്ചനോട് പറയാറുള്ള ഒരു കാര്യമുണ്ടായിരുന്നു. അഭിനേതാവിന്റെ ഒരു പ്രത്യേക ഫീച്ചർ മാത്രം ആളുകൾക്ക് ഭയങ്കര ഇഷ്ടമായി മാറിയാൽ അത് അയാൾക്ക് അപകടമാണെന്ന്.
ആ സമയത്ത് ഞാൻ എൽസമ്മ എന്ന ആൺകുട്ടിയെന്ന സിനിമ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. ഇതിൽ ഒരു പാൽക്കാരന്റെ കഥാപാത്രമുണ്ട്. ഉണ്ണി എന്നാണ് പേര്, പക്ഷെ ആളുകൾ പാലുണ്ണി എന്നാണ് വിളിക്കാറുള്ളതെന്ന് പറഞ്ഞു.
പശുവിനെ കറക്കലും കാര്യങ്ങളുമൊക്കെയായി നീയിത് വരെ ചെയ്യാത്ത ഒരു പരിപാടിയാണെന്ന് ഞാൻ പറഞ്ഞു. എന്നാൽ പാലുണ്ണി എന്ന പേര് കേട്ടപ്പോൾ തന്നെ ചാക്കോച്ചൻ ആ വേഷം ചെയ്യാമെന്ന് പറയുകയായിരുന്നു,’ലാൽജോസ് പറയുന്നു.
Content Highlight: laljose about Kunchacko boban