ജോജുവിന് എങ്ങനെ ടൈറ്റിൽ റോൾ വരുമെന്ന് അവർ, കഥാപാത്രത്തെ കുറിച്ച് ജോജുവിന് അറിയില്ലായിരുന്നു: ലാൽജോസ്
Entertainment
ജോജുവിന് എങ്ങനെ ടൈറ്റിൽ റോൾ വരുമെന്ന് അവർ, കഥാപാത്രത്തെ കുറിച്ച് ജോജുവിന് അറിയില്ലായിരുന്നു: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th November 2024, 10:24 am

ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങി മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ലാൽജോസ്. കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ്, ജോജു ജോർജ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ലാൽജോസ് ചിത്രമായിരുന്നു പുള്ളിപുലികളും ആട്ടിൻകുട്ടിയും.

ചിത്രത്തിൽ വലിയ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ജോജുവിന്റേത്. നായക നടനാവുന്നതിന് മുമ്പ് ജോജു ചെയ്ത കഥാപാത്രമായിരുന്നു അത്. ഈ കഥാപാത്രത്തെ കുറിച്ച് ആദ്യമായി ജോജുവിനോട് പറഞ്ഞപ്പോൾ ജോജു അത്ഭുതപ്പെട്ടെന്നും ടൈറ്റിൽ റോളാണെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയെന്നും ലാൽജോസ് പറയുന്നു. ആരോടും ഈ കാര്യം പറയരുതെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ ജോജു കഥാപാത്രത്തെ കുറിച്ച് പറഞ്ഞെന്നും ലാൽജോസ് പറഞ്ഞു.

‘ഞാൻ അടുത്തതായി ചെയ്യാൻ പോവുന്ന സിനിമയിൽ നിനക്കൊരു ടൈറ്റിൽ റോളുണ്ടെന്ന് അന്ന് ജോജുവിനോട് പറഞ്ഞു. ചാക്കോച്ചനോടൊപ്പം ത്രൂ ഔട്ട്‌ കഥാപാത്രമാണതെന്നും അതൊരു ടൈറ്റിൽ റോളാണെന്നും ഞാൻ ജോജുവിനോട് പറഞ്ഞു.

അത് കേട്ടപ്പോൾ അവൻ അത്ഭുതത്തോടെ ചോദിച്ചു, സത്യമാണോയെന്ന്. സത്യമാണെന്നും എന്നാൽ പ്രൊഡ്യൂസേർസുമായി ഈ കാര്യം സംസാരിക്കാത്തത് കൊണ്ട് നീ പുറത്താരോടും പറയണ്ടായെന്ന് ഞാൻ ജോജുവിനോട് പറഞ്ഞു. ഞാനും റൈറ്ററും കൂടെയുള്ള ഒരു ധാരണയുടെ പുറത്ത് തീരുമാനിച്ചതാണെന്ന് ഞാൻ പറഞ്ഞു.

പിറ്റേ ദിവസം വിനോദ് ഷൊർണൂർ ഒരു പത്രവുമായി എന്റെ അടുത്തേക്ക് വന്നു. അതിൽ ഒരു പേജിൽ വളരെ വിശദമായി ജോജുവിന്റെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. ലാൽജോസിന്റെ പുതിയ പടത്തിൽ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നുവെന്നൊക്കെ പറഞ്ഞിട്ടാണ് ആ അഭിമുഖം.

പക്ഷെ ഇത് വേറേ ആർക്കും അറിയില്ല, ആരോടും ഞങ്ങൾ പറഞ്ഞിട്ടില്ല. അപ്പോഴേക്കും ദുബായിൽ നിന്ന് പ്രൊഡ്യൂസേർസ് വിളിക്കുന്നു, അതെന്താണ് അങ്ങനെ വന്നതെന്നൊക്കെ ചോദിച്ചു. ജോജുവിന് എങ്ങനെ ടൈറ്റിൽ റോൾ വരുമെന്ന് അവർ ചോദിച്ചു.

ടൈറ്റിൽ എന്താണെന്ന് നിർമാതക്കൾക്കറിയില്ല. കാരണം ഞങ്ങളത് പറഞ്ഞു വെച്ചിട്ടേയുള്ളൂ. പുള്ളിപുലികളും ആട്ടിൻകുട്ടിയും എന്നായിരുന്നു ആ സിനിമയുടെ പേര്. പുള്ളിപുലികൾ ഈ മൂന്ന് സഹോദരൻമാരും ആട്ടിൻകുട്ടി ചാക്കോച്ചൻ ചെയ്യുന്ന കഥാപാത്രവുമായിരുന്നു. അതാണ് അവനോട് ഞാൻ ടൈറ്റിൽ എന്ന് പറഞ്ഞത്. അവനറിയില്ലായിരുന്നു മൂന്ന് പുള്ളിപുലികളിൽ ഒരാളാണ് അവനെന്ന്,’ലാൽജോസ് പറയുന്നു.

 

Content Highlight: Laljose About Joju Gorge