വര്‍ഷങ്ങളോളം സിനിമയുടെ പിറകെ അലഞ്ഞ് ദീര്‍ഘ നാള്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് ഒടുവില്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ജോജു ജോര്‍ജ്. അദ്ദേഹം ഒരിക്കല്‍ പൊള്ളാച്ചിയില്‍ ഒരു ഒഡിഷന് പോയ കഥ പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്.
റൂമെടുക്കാന്‍ പണമില്ലാത്ത ജോജു ചന്തയിലെ തിണ്ണയില്‍ ചാക്ക് വിരിച്ച് കിടന്നെന്നും പിറ്റെ ദിവസം ഫ്രെഷായി ഒഡിഷന് വന്നെന്നും ലാല്‍ജോസ് പറഞ്ഞു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ജോജുവിനെ പറ്റി സംസാരിച്ചത്.
‘ഒരു ഒഡിഷനില്‍ പങ്കെടുക്കാന്‍ ജോജു ജോര്‍ജ് പൊള്ളാച്ചിയില്‍ വന്നു. താമസിക്കാന്‍ ഒരു റൂമെടുക്കാന്‍ പൈസ ഇല്ലാതെ, രാത്രിയില്‍ പൊള്ളാച്ചി ചന്തയില്‍ അദ്ദേഹം കിടന്നിട്ടുണ്ട്. രാവിലെ കാളകള്‍ ചന്തയില്‍ വരും. അതിനുള്ള ബ്രോക്കര്‍മാര്‍ അവിടുത്തെ തിണ്ണയില്‍ ചാക്ക് വിരിച്ച് കിടക്കും. ഒരു ചാക്ക് വിരിക്കാനുള്ള സ്ഥലത്തിന് അന്ന് മൂന്ന് രൂപയോ മറ്റോ കൊടുക്കണം.
ആ പൈസ കൊടുത്ത്, അവിടെ ചാക്ക് വിരിച്ച് കിടന്ന്, അവിടുത്ത പൈപ്പില്‍ പ്രഭാത കൃത്യങ്ങള്‍ കഴിച്ച് പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ച നല്ലൊരു ഷര്‍ട്ടിട്ട് ഒഡിഷന് ഫ്രെഷായി ജോജു വന്നു. ഏതോ ബെന്‍സില്‍ വന്നിറങ്ങിയ ആളാണെന്ന ഭാവത്തില്‍ പോയി നിന്നത് എനിക്കറിയാം. ഞാന്‍ അത് കണ്ടിട്ടുണ്ട്,’ ലാല്‍ജോസ് പറഞ്ഞു.
ഇരട്ടയാണ് ഒടുവില്‍ പുറത്ത് വന്ന ജോജുവിന്റെ ചിത്രം. നവാഗതനായ രോഹിത് എം.ജി. കൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അഞ്ജലി, ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: laljose about joju george