| Wednesday, 20th November 2024, 6:11 pm

പല സ്ഥലങ്ങളിൽ വ്യത്യസ്ത ജോലികളിൽ ആ നടനെ ഞാൻ കണ്ടിട്ടുണ്ട്, എല്ലാം സിനിമയ്ക്ക് വേണ്ടി: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചയാളാണ് ജോജു ജോര്‍ജ്. തുടര്‍ന്ന് ക്യാമറക്ക് മുന്നിലേക്കും ജോജു കടന്നുവന്നു. തുടക്കകാലത്ത് പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ജോജു പിന്നീട് മലയാളസിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നടനെന്ന രീതിയില്‍ വളര്‍ന്നു.

ജോസഫ് എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ജോജു മൂന്ന് സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും സ്വന്തമാക്കിയിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തിൽ നിരവധി ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ജോജു ലാൽജോസിന്റെ സിനിമകളിലും ഭാഗമായിട്ടുണ്ട്. പട്ടാളം എന്ന സിനിമയ്‌ക്ക് ശേഷമാണ് ജോജുവിനെ താൻ പരിചയപ്പെടുന്നതെന്നും പിന്നീട് കാണുമ്പോഴെല്ലാം ജോജു പല ജോലികൾ ചെയ്യുന്നുണ്ടായിരുന്നുവെന്നും ലാൽജോസ് പറയുന്നു. സിനിമയിൽ നിലനിൽക്കാനായി 20 വർഷത്തോളം ഹാർഡ് വർക്ക്‌ ചെയ്ത നടനാണ് ജോജുവെന്നും ലാൽജോസ് പറഞ്ഞു.

‘എന്റെ സിനിമകളിൽ കൊച്ച് കൊച്ച് വേഷങ്ങളിൽ ഉണ്ടായിരുന്ന ഒരു നടനാണ് ജോജു. ജോജു ആദ്യമായി എനിക്കൊപ്പം വരുന്നത് പട്ടാളം എന്ന സിനിമയിലാണ്. അതിന് മുമ്പ് അവൻ ചെറിയ കഥാപാത്രമൊക്കെയായി ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പക്ഷെ ആദ്യമായി ഡയലോഗ് പറയുന്നതും ആദ്യമായിട്ട് ഒരു വരി പാടി അഭിനയിക്കുന്നതും പട്ടാളത്തിലാണ്. ബിജു മേനോന്റെ സുഹൃത്താണ് എന്ന് പറഞ്ഞിട്ടാണ് ജോജുവിനെ പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം മുന്നോട്ട് പോയി.

പല കാലഘട്ടങ്ങളിൽ ഞാൻ ജോജുവിനെ കണ്ടിട്ടുണ്ട്. പല റോളുകളിൽ പല ജോലികൾ ചെയ്യുന്ന ജോജുവിനെ ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ സ്ഥല കച്ചവടമായിരിക്കും ചിലപ്പോൾ വണ്ടി കച്ചവടമായിരിക്കും. ചിലപ്പോൾ സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങിയിട്ടുണ്ടാവും.

20 വർഷത്തോളം അങ്ങനെ പല ജോലികൾ ചെയ്ത് സിനിമയിൽ നിൽക്കാൻ വേണ്ടി ശ്രമിച്ച നടനാണ് ജോജു. വളരെ അപൂർവം ആളുകളെ മാത്രമേ ഞാൻ അങ്ങനെ കണ്ടിട്ടുള്ളൂ,’ലാൽജോസ് പറയുന്നു.

Content Highlight: Laljose About hard work Of Joju Gorge

We use cookies to give you the best possible experience. Learn more