ഫഹദാണ് നടനെന്ന് അറിഞ്ഞപ്പോൾ അന്നവർ സിനിമയിൽ നിന്ന് പിന്മാറി: ലാൽജോസ്
Entertainment
ഫഹദാണ് നടനെന്ന് അറിഞ്ഞപ്പോൾ അന്നവർ സിനിമയിൽ നിന്ന് പിന്മാറി: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th November 2024, 12:24 pm

കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു.

രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. ഈയിടെ ഇറങ്ങിയ രജിനികാന്ത് ചിത്രം വേട്ടയ്യനിലും ഫഹദ് കയ്യടി നേടിയിരുന്നു. ഫഹദിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽജോസ്.

വർഷങ്ങൾക്ക് മുമ്പ് അസിസ്റ്റന്റ് ഡയറക്ടറാക്കണമെന്ന് പറഞ്ഞ് ഫഹദ് തന്നെ കാണാൻ വന്നിരിന്നുവെന്നും എന്നാൽ ഫഹദിനോട് ഒരു നടനാവാനാണ് താൻ പറഞ്ഞതെന്നും ലാൽജോസ് പറയുന്നു. ഫഹദിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നുവെന്നും എന്നാൽ അന്ന് നിർമാതാക്കൾ പിന്മാറിയെന്നും ലാൽജോസ് പറഞ്ഞു.

‘ഫഹദ് കുറെ വർഷം മുമ്പ് എന്നെ കാണാൻ വന്നിരുന്നു. അമേരിക്കയിലെ പഠനമൊക്കെ കഴിഞ്ഞ് തിരിച്ച് വന്നതായിരുന്നു ഫഹദ്. എന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആവണമെന്ന് പറഞ്ഞാണ് ഫഹദ് കാണാൻ വന്നത്. അന്ന് ഞാൻ അവനോട് പറഞ്ഞത്, നല്ല വെളുത്ത് ചുവന്ന് ആപ്പിൾ പോലെയിരിക്കുന്ന നീ അസിസ്റ്റന്റ് ഡയറക്ടറായി വന്ന് വെയിൽ കൊള്ളേണ്ട എന്നായിരുന്നു.

നിന്നെ നായകനാക്കി ഞാനൊരു സിനിമ ചെയ്യാമെന്ന് അന്ന് പറഞ്ഞു. അപ്പോൾ പുള്ളി കളിയാക്കല്ലേ എന്നൊക്കെ പറയുമായിരുന്നു. ഞാൻ പറഞ്ഞു, അങ്ങനെയല്ല നീ നടനാവേണ്ട ആളാണ് നിനക്ക് നടനാവാൻ പറ്റുമെന്നായിരുന്നു.

ആ കാലത്ത് ഞാൻ ഫഹദിനെ വെച്ചൊരു സിനിമ പ്ലാൻ ചെയ്തിരുന്നു. മദർ ഇന്ത്യ എന്നായിരുന്നു അതിന്റെ പേര്. ഫഹദ് ആയിരുന്നു ആ സിനിമയിലെ നായകനും വില്ലനും. ക്ലാസ്മേറ്റ്സിനൊക്കെ ശേഷം ചെയ്യാൻ തീരുമാനിച്ച ഒരു സിനിമയായിരുന്നു. എന്നാൽ ഫഹദാണ് നടനെന്ന് അറിഞ്ഞപ്പോൾ നിർമാതാക്കളെല്ലാം പിന്മാറി.

കാരണം ഫഹദിനെ അവർക്ക് അറിയില്ല. ആകെ അറിയുന്നത് ആദ്യം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന സിനിമ മാത്രമാണ്. പത്തൊമ്പതാം വയസിൽ അവൻ ചെയ്തൊരു സിനിമയാണത്. അവനെ ആർക്കും അറിയില്ലായിരുന്നു. അങ്ങനെ നടക്കാതെ പോയതാണ് ആ ചിത്രം,’ലാൽജോസ് പറയുന്നു.

 

Content Highlight: Laljose About Fahad Fazil And a Dropped Film