| Tuesday, 19th November 2024, 8:19 am

എന്നെപ്പോലൊരാൾക്ക് കൊതിതോന്നുന്ന കഥാപാത്രമാണതെന്ന് പൃഥ്വി, പക്ഷെ കഥ കേട്ടപ്പോൾ എനിക്ക് മനസിൽ വന്നത് മറ്റൊരു നടനെ: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇക്‌ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ ലാൽജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഡയമണ്ട് നെക്ലേസ്.

തന്റെ കരിയറിന്റെ തുടക്കത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഒരു ശ്രദ്ധേയ കഥാപാത്രമായിരുന്നു ചിത്രത്തിലെ ഡോ.അരുൺ കുമാർ. അരുൺ കുമാർ എന്ന യുവാവിന്റെ ജീവിതവും അയാളുടെ ലൈഫിലേക്ക് കടന്നുവരുന്ന മൂന്ന് സ്ത്രീകളുടെയും കഥയാണ് സിനിമ പറഞ്ഞത്. സംവൃത സുനിൽ, അനുശ്രീ, ഗൗതമി നായർ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ.


ഡയമണ്ട് നെക്ലേസ് കണ്ടപ്പോൾ നടൻ പൃഥ്വിരാജ് പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് ലാൽജോസ്. അരുൺ കുമാർ എന്ന കഥാപാത്രത്തിലേക്ക് എന്തുകൊണ്ടാണ് തന്നെ വിളിക്കാതിരുന്നതെന്ന് പൃഥ്വി ചോദിച്ചെന്നും അപ്പോഴാണ് ആ കഥാപാത്രം പൃഥ്വിക്കും ചെയ്യാൻ കഴിയുമെന്ന് തനിക്ക് തോന്നിയതെന്നും ലാൽജോസ് പറയുന്നു. എന്നാൽ സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ തനിക്ക് ഫഹദിന്റെ മുഖമാണ് ഓർമ വന്നതെന്നും തന്നെ പോലൊരു അഭിനേതാവിന് കൊതി തോന്നുന്ന കഥാപാത്രമാണതെന്ന് പൃഥ്വിരാജ് പറഞ്ഞെന്നും ലാൽജോസ് പറഞ്ഞു.

‘പൃഥ്വിരാജ് ആദ്യം ചോദിച്ചത് ഡയമണ്ട് നെക്ലേസ് എന്ന സിനിമ ചെയ്യുമ്പോൾ ഡോക്ടർ അരുൺകുമാർ എന്ന കഥാപാത്രമായി എന്നെ വിളിക്കാതിരുന്നത് എന്തായിരുന്നു എന്നാണ്. നമ്മൾ തമ്മിൽ അടുത്തൊരു സിനിമയെ കുറിച്ച് ആലോചിക്കുന്ന ടൈമിൽ എന്തുകൊണ്ടാണ് എന്റെ മുഖം ലാലുവേട്ടന്റെ മനസിൽ വരാഞ്ഞതെന്ന് പൃഥ്വി ചോദിച്ചു.

ഞാൻ പ്രിഥ്വിയോട് പറഞ്ഞു, നീയിപ്പോൾ ചോദിച്ചപ്പോൾ തീർച്ചയായും നിനക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രം തന്നെയാണതെന്ന് എനിക്ക് മനസിലായി. പക്ഷെ ആ കഥ ഇക്‌ബാൽ എന്നോട് പറയുമ്പോൾ ഫഹദിന്റെ മുഖമാണ് എന്തുകൊണ്ടോ എനിക്കാദ്യം മനസിൽ വന്നത്. ഫഹദ് അന്ന് ചെറിയ കഥാപാത്രങ്ങൾ മാത്രം ചെയ്യുന്ന സമയമാണ്.

ഫഹദിന്റെ എക്സ്പ്രഷൻസും കള്ളചിരിയുമെല്ലാമാണ് എനിക്ക് ഓർമ വന്നത്. അതുകൊണ്ടാണ് ആദ്യമേ ഫഹദിലേക്ക് പോയത്. ഫഹദ് ഓക്കേ കൂടെ പറഞ്ഞ ശേഷം വേറെ ഓപ്‌ഷൻസിനെ കുറിച്ചൊന്നും ഞങ്ങൾ ചിന്തിച്ചിട്ടില്ല. അതുകേട്ട് രാജു പറഞ്ഞത്, എന്നെപോലെ ഒരു അഭിനേതാവിന് കൊതിതോന്നുന്ന കഥാപാത്രമാണത്, സിനിമയും വളരെ നന്നായി വന്നിട്ടുണ്ട് എന്നായിരുന്നു,’ലാൽജോസ് പറയുന്നു.

Content Highlight: Laljose About Diamond Neckless Movie And Prithviraj

We use cookies to give you the best possible experience. Learn more