ലാല്‍ ജോസ് സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. 90കളുടെ ആരംഭത്തിലെ ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആല്‍ബര്‍ട്ടിന്റേതാണ്.
അന്നത്തെ യുവത്വത്തിന്റെ പള്‍സറിഞ്ഞ ചിത്രവും ചിത്രത്തിലെ ഗാനവും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. പൃഥ്വിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, രാധിക, നരേന്‍, ജയസൂര്യ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
ക്ലാസ്മേറ്റ്സ് ഇന്നെടുത്താൽ അഭിനയിക്കാനായി ആരെ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ലാൽജോസ്. ഇന്ന് മലയാളത്തിൽ ഒരുപാട് താരങ്ങൾ ഉണ്ടെന്നും അന്ന് അവരെല്ലാം യുവതാരങ്ങൾ ആയിരുന്നുവെന്നും ലാൽജോസ് പറയുന്നു. യുവനടന്മാരിൽ അർജുൻ അശോകനെയെല്ലാം വെച്ച് ഇന്ന് ക്ലാസ്മേറ്റ്സ് ചെയ്യാമെന്നും ലാൽജോസ് പറഞ്ഞു.
‘ഇപ്പോൾ മലയാളത്തിൽ അന്നുണ്ടായിരുന്നതിനേക്കാൾ കൂടുതൽ ചോയ്സുകളുണ്ട്. അന്നത്തെ ജൂനിയർ ടീമുകൾ ആയിരുന്നു അവരൊക്കെ. അതിലുള്ള എല്ലാവരും അങ്ങനെയാണ്.
ഇന്നും അതുപോലൊരു ജൂനിയർ ടീമുണ്ട്. ഇഷ്ടംപോലെ ആളുകൾ ഉണ്ടല്ലോ. നമ്മുടെ അർജുൻ അശോകനൊക്കെയുള്ള പുതിയ ബാച്ച് ചെറുപ്പക്കാരുണ്ടല്ലോ അവരെയൊക്കെ വെച്ച് ചെയ്യാവുന്നതാണല്ലോ ഇന്നും. ഇന്ന് ആലോചിക്കുകയാണെങ്കിൽ അങ്ങനെയുള്ള ആളുകളെ വെച്ച് ചെയ്യാൻ പറ്റും,’ ലാൽ ജോസ് പറയുന്നു.
ഒരു ക്യാമ്പസ് ചിത്രമെന്ന നിലയിലല്ല താൻ ക്ലാസ്മേറ്റ്സിനെ വിലയിരുത്തുന്നതെന്നും ലാൽജോസ് പറഞ്ഞു. അതൊരു മർഡർ മിസ്‌റ്ററിയാണെന്നും അതിനെ തൊണ്ണൂറുകളിലെ ക്യാമ്പസിൽ അവതരിപ്പിക്കുകയായിരുന്നുവെന്നും ലാൽജോസ് കൂട്ടിച്ചേർത്തു.
‘ക്ലാസ്മേറ്റ്സിനെ വിലയിരുത്തപ്പെട്ടത്ത് തൊണ്ണൂറുകളിലെ ഒരു കോളേജ് പടം എന്ന രീതിയിലായിരുന്നു. പ്രേക്ഷകർ ഇപ്പോഴും അതിനെ കുറിച്ച് പറയുന്നതും അന്ന് ഏറ്റെടുത്തതും അത് പറഞ്ഞിട്ടാണ്. പക്ഷെ എന്നെ സംബന്ധിച്ച് ആ സിനിമ അങ്ങനെയല്ല. ക്ലാസ്മേറ്റ്സ് ഒരു മർഡർ മിസ്‌റ്ററിയാണ്. തൊണ്ണൂറുകളിലെ ഒരു ക്യാമ്പസിൽ അതിനെ അവതരിപ്പിച്ചു എന്നേയുള്ളൂ,’ലാൽജോസ് പറഞ്ഞു.
Content Highlight: Laljose About Classmates Movie Casting In New era