Entertainment
സിനിമയ്ക്ക് പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയില്ലെന്ന് കരുതി, പക്ഷെ ആ സിനിമ ഒരു വികാരമായി മാറി: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 17, 08:46 am
Tuesday, 17th December 2024, 2:16 pm

ലാല്‍ ജോസ് സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. 90കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആല്‍ബര്‍ട്ടിന്റേതാണ്.

അന്നത്തെ യുവത്വത്തിന്റെ പള്‍സറിഞ്ഞ ചിത്രവും ചിത്രത്തിലെ ഗാനവും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. പൃഥ്വിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, രാധിക, നരേന്‍, ജയസൂര്യ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

ക്ലാസ്‌മേറ്റ്സ് എന്ന ചിത്രം ഇന്നൊരു വികാരമായി മാറിയെന്നും ഒരിക്കലും ഒരു സിനിമയ്ക്ക് പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയുമെന്ന് താൻ കരുതിയിട്ടില്ലായിരുന്നുവെന്നും ലാൽജോസ് പറയുന്നു. ഇത്രകാലങ്ങൾക്കിപ്പുറവും എല്ലാ അലുമിനി മീറ്റുകൾ നടക്കുമ്പോഴും ആ സിനിമയെ കുറിച്ച് സംസാരിക്കാറുണ്ടെന്നും പല അലുമിനി മീറ്റിലും താൻ പങ്കെടുത്തിട്ടുണ്ടെന്നും ലാൽജോസ് പറയുന്നു.

‘ക്ലാസ്‌മേറ്റ്സ് എന്ന ചിത്രം പിന്നീടൊരു വികാരമായി മാറുകയായിരുന്നു. ഞാൻ കരുതിയത് സിനിമകൾക്ക് അങ്ങനെ പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയില്ല എന്നായിരുന്നു. ആളുകൾ കാണും അങ്ങനെ കടന്നുപോകും എന്നാണ് കരുതിയത്. 2006 ൽ ഇറങ്ങിയ സിനിമയായിരുന്നു ക്ലാസ്‌മേറ്റ്സ്. ഇപ്പോൾ ഇത്ര വർഷമായി.

ഇത്രകാലങ്ങൾക്കിപ്പുറവും എല്ലാ അലുമിനി മീറ്റുകൾ നടക്കുമ്പോഴും ആ സിനിമയെ കുറിച്ച് സംസാരിക്കാറുണ്ട്. അപ്പോഴെക്കെ എനിക്ക് ഫോൺ വരും എന്നെ വിളിക്കും അല്ലെങ്കിൽ എന്നോടൊരു വീഡിയോ എടുത്ത് അയച്ച് കൊടുക്കാൻ പറയും.

അങ്ങനെ നൂറുകണക്കിന് അലുമിനി മീറ്റിന് ഞാൻ പോയിട്ടുണ്ട്. ഒരുപാട് പേർക്ക് ഞാൻ വീഡിയോ കൊടുത്തിട്ടുണ്ട്,’ലാൽജോസ് പറയുന്നു.

 

Content Highlight: Laljose About Classmates Movie