അഞ്ച് പതിറ്റാണ്ടോളം ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന മികച്ച നടിമാരിൽ ഒരാളായിരുന്നു സുകുമാരി. വിവിധ ഭാഷകളിലായി 2500 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുകുമാരിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
മികച്ച സഹ നടിക്കുള്ള നാഷണൽ അവാർഡും സ്വന്തമാക്കിയ സുകുമാരി മലയാളത്തിൽ പ്രിയദർശൻ, ലാൽജോസ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ നിറസാന്നിധ്യമായിരുന്നു.
സുകുമാരിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ ലാൽജോസ്. കുറെകാലങ്ങൾക്ക് ശേഷം സുകുമാരി പാടി അഭിനയിച്ച ഗാനങ്ങളിൽ ഒന്നായിരുന്നു ചാന്തുപൊട്ട് എന്ന ചിത്രത്തിലെ ആഴക്കടലിന്റെ എന്ന ഗാനം. തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടാളുകൾ ഒന്നിച്ച ഗാനമായിരുന്നു അതെന്നും ജാനകിയമ്മ സുകുമാരി ചേച്ചിക്ക് ഒരു ഗാനം പാടുന്നുവെന്നത് തനിക്ക് വലിയ എക്‌സൈറ്റ്മെന്റ് നൽകിയ കാര്യമാണെന്നും ലാൽജോസ് പറയുന്നു. തനിക്കൊരു പാട്ടുണ്ടെന്നറിഞ്ഞപ്പോൾ സുകുമാരിക്ക് വലിയ സന്തോഷമായിരുന്നുവെന്നും ലാൽജോസ് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പാട്ടായിരുന്നു അത്. കാരണം എനിക്കേറ്റവും പ്രിയപ്പെട്ട രണ്ട് പേരൊന്നിച്ച ഒരു ഗാനമായിരുന്നു ആഴക്കടലിന്റെ എന്ന പാട്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടാളുകളാണ്, ഒന്ന് ജാനകിയമ്മ മറ്റൊന്ന് സുകുമാരി ചേച്ചി. എസ്.ജാനകി എന്റെ സിനിമയിൽ ഒരു പാട്ട് പാടുക എന്ന് പറയുമ്പോൾ എനിക്ക് വലിയ എക്‌സൈറ്റ്മെന്റ് ആയിരുന്നു.
അതുപോലെ തന്നെ സുകുമാരി ചേച്ചിയാണ് അതിന്റെ സീനിൽ പാടി അഭിനയിക്കുന്നത്. പാട്ട് റെഡിയായ ശേഷം ഞാനത് സുകുമാരി ചേച്ചിക്ക് കേൾപ്പിച്ച് കൊടുത്തിട്ട് പറഞ്ഞു, ഈ പാട്ട് ചേച്ചിയാണ് പാടി അഭിനയിക്കേണ്ടതെന്ന്. അത് കേട്ടപ്പോൾ ചേച്ചിക്ക് നല്ല സന്തോഷമായിരുന്നു. കാരണം കുറെകാലത്തിന് ശേഷമാണ്. മോൻ ആ പാട്ടെനിക്ക് താ ഞാൻ കേട്ട് പഠിക്കട്ടെ എന്നായിരുന്നു അന്ന് സുകുമാരി ചേച്ചി പറഞ്ഞത്. അങ്ങനെയാണ് ആ പാട്ടുണ്ടാകുന്നത്,’ലാൽജോസ് പറയുന്നു.
Content Highlight: Laljose About Chanthupott Movie Song And Sukumari