മലയാളത്തിൽ മറ്റൊരു സിനിമ ചെയ്യരുതെന്ന് പറഞ്ഞിട്ടും ആ നടി പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിച്ചു, അതോടെ എനിക്ക് നായികയില്ലാതെയായി: ലാൽജോസ്
Entertainment
മലയാളത്തിൽ മറ്റൊരു സിനിമ ചെയ്യരുതെന്ന് പറഞ്ഞിട്ടും ആ നടി പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിച്ചു, അതോടെ എനിക്ക് നായികയില്ലാതെയായി: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th December 2024, 12:58 pm

ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ്‌ സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽജോസിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം.

ലാൽജോസ് സംവിധാനം ചെയ്തതിൽ വലിയ വിജയമായ ഒരു സിനിമയായിരുന്നു ചാന്ത്‌പൊട്ട്. ദിലീപ് നായകനായ സിനിമയിൽ ഗോപിക, ഇന്ദ്രജിത്ത്, ലാൽ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ഗോപികക്ക് മുമ്പ് ചിത്രത്തിൽ നായികയായി ഉദ്ദേശിച്ചിരുന്നത് നടി പ്രിയാമണിയെ ആയിരുന്നുവെന്ന് പറയുകയാണ് ലാൽജോസ്.

സിനിമയിൽ പുതിയ ഒരാൾ വേണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അങ്ങനെയാണ് പ്രിയാമണിയെ സമീപിച്ചതെന്നും ലാൽജോസ് പറഞ്ഞു. എന്നാൽ മലയാളത്തിൽ നിന്ന് മറ്റൊരു സിനിമയും ചെയ്യരുതെന്ന് പറഞ്ഞിട്ടും പ്രിയാമണി സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിൽ അതിനിടയിൽ അഭിനയിച്ചെന്നും അങ്ങനെ സിനിമ മുടങ്ങിപ്പോയെന്നും ലാൽജോസ് കൂട്ടിച്ചേർത്തു.

‘ചാന്ത് പൊട്ടിന്റെ കഥയൊക്കെ ഏകദേശം റെഡിയായിട്ടുണ്ടായിരുന്നു. നായികയായി പുതിയ ഒരാളെ വേണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.
തമിഴിൽ ഒരു പെൺകുട്ടിയുണ്ടെന്ന് പറഞ്ഞിട്ട് ഒരാളെ വിളിച്ചു വരുത്തി. അവരുടെ പേരായിരുന്നു പ്രിയാമണി. അങ്ങനെ ആ പെൺകുട്ടിയെ കണ്ടു. ഞങ്ങൾക്ക് ഇഷ്ട്ടമായി. അവരോട് കഥ പറഞ്ഞപ്പോൾ അവർ ചെയ്യാമെന്നും പറഞ്ഞു.

കഥ കേട്ട ശേഷം ഞാൻ അവരോട് പറഞ്ഞു, ഇത് കുറച്ച് വലിയ സിനിമയാണ് ഞങ്ങൾക്ക് കുറച്ച് സമയം വേണം. അതിനിടയിൽ മലയാളത്തിൽ നിന്നൊരു ഓഫർ വന്നാൽ സിനിമ ചെയ്യരുതെന്ന് പറഞ്ഞു. ഇതായിരിക്കണം ആദ്യത്തെ സിനിമയെന്നും ഞാൻ പറഞ്ഞു. അവർക്കത് ഓക്കെയായിരുന്നു.

അങ്ങനെ ഞങ്ങൾ പ്ലാനിങ്ങുമായി മുന്നോട്ട് പോയ സമയത്താണ് പ്രിയാമണിക്ക് സംവിധായകൻ വിനയന്റെ ഒരു ഓഫർ വരുന്നത്. ആ സമയത്ത് വിനയേട്ടൻ വലിയ സംവിധായകനാണ്. പൃഥ്വിരാജിന്റെ ഒരു ഉദയകാലമായിരുന്നു അത്. അദ്ദേഹമാണ് നായകൻ. അങ്ങനെ പ്രിയാമണി നേരെ ചെന്ന് ആ സിനിമയിൽ അഭിനയിച്ചു. അതോടെ ഞങ്ങൾക്ക് നായിക ഇല്ലാതെയായി. അതിന് ശേഷമാണ് ഞാൻ ഗോപികയെ നായികയായി ഫിക്സ് ചെയ്യുന്നത്,’ലാൽജോസ് പറയുന്നു.

 

Content Highlight: Laljose About Casting Of Chanthupott Movie