മമ്മൂക്ക ഇങ്ങോട്ട് ഡേറ്റ് ഓഫര്‍ ചെയ്തിട്ടും വേണ്ടെന്ന് പറഞ്ഞത് പുള്ളിക്ക് ഫീല്‍ ചെയ്തു, ശ്രീനിയേട്ടന്‍ അന്ന് രാത്രി എന്നെ വിളിച്ചു: ലാല്‍ജോസ്
Film News
മമ്മൂക്ക ഇങ്ങോട്ട് ഡേറ്റ് ഓഫര്‍ ചെയ്തിട്ടും വേണ്ടെന്ന് പറഞ്ഞത് പുള്ളിക്ക് ഫീല്‍ ചെയ്തു, ശ്രീനിയേട്ടന്‍ അന്ന് രാത്രി എന്നെ വിളിച്ചു: ലാല്‍ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th February 2023, 9:12 am

മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ജോസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലേക്ക് മമ്മൂട്ടി നായകനായെത്തിയതിനെ പറ്റി പറയുകയാണ് ലാല്‍ ജോസ്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങള്‍ ലാല്‍ജോസ് പങ്കുവെച്ചത്.

‘ഭൂതക്കണ്ണാടിയുടെ ലൊക്കേഷനില്‍ വെച്ച് നീ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണോയെന്ന് മമ്മൂക്ക ചോദിച്ചു. പ്ലാനിങ്ങുണ്ട്, ആഗ്രഹമുണ്ട്, കുറെ കാലമായി ഒരു കഥ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ശ്രീനിയേട്ടനുമായി നടത്തുന്നുണ്ട്, ഒന്നിലും ലാന്‍ഡ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ആരാ ഹീറോയെന്ന് മമ്മൂക്ക ചോദിച്ചു. അങ്ങനെ ആരേയും തീരുമാനിച്ചിട്ടില്ല, പ്രധാനകഥാപാത്രത്തിന് പറ്റുന്ന ആളാരാണോ, ആ ഛായയുള്ള ആളാരാണോ അയാളെ നായകനാക്കാം എന്നാണ് വിചാരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു.

നിന്റെ നായകന് എന്റെ ഛായ ആണെങ്കില്‍ ഞാന്‍ അഭിനയിക്കാമെന്ന് മമ്മൂക്ക പറഞ്ഞു. അയ്യോ വേണ്ടെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക പെട്ടെന്ന് ഞെട്ടി. അങ്ങനെയല്ല മമ്മൂക്ക, എന്റെ ആദ്യത്തെ സിനിമയാണ്, എനിക്ക് എന്തൊക്കെ അറിയാം, എന്തൊക്കെ അറിയില്ല എന്ന് എനിക്ക് തന്നെ അറിയില്ല, മമ്മൂക്കയെ പോലെയൊരു ആക്ടറെ മുമ്പില്‍ നിര്‍ത്തിയിട്ട് ബബ്ബബ്ബ അടിച്ചുകഴിഞ്ഞാല്‍ കുഴപ്പമാവും, ചെറിയ ആരെയെങ്കിലും വെച്ച് സിനിമ ചെയ്ത് സംവിധായകനായി പ്രൂവ് ചെയ്തിട്ട് മമ്മൂക്കയുടെ അടുത്ത് വരാമെന്ന് പറഞ്ഞു.

അത് വേണ്ട നിന്റെ ആദ്യത്തെ സിനിമക്കേ ഞാന്‍ ഡേറ്റ് തരികയുള്ളൂ, അതിലാണ് നീ നിന്റെ കയ്യിലുള്ള എല്ലാം ഇറക്കുകയുള്ളൂവെന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെയൊന്നുമില്ല മമ്മൂക്ക, ഞാനെന്താ ചെയ്യുകയെന്ന് എനിക്കറിയില്ല എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി.

അന്ന് രാത്രി ശ്രീനിയേട്ടന്‍ എന്നെ വിളിച്ചു. മമ്മൂക്ക അങ്ങനെ ഒരു ഓഫര്‍ തന്നിട്ട് നീ എന്താണ് വേണ്ടയെന്ന് പറഞ്ഞത്, പുള്ളി എന്നെ വിളിച്ചിരുന്നു, ആദ്യമായിട്ടാണ് അങ്ങോട്ട് മമ്മൂക്ക ഓഫര്‍ കൊടുത്തിട്ട് ഒരാള്‍ വേണ്ടയെന്ന് പറയുന്നതെ്, പുള്ളിക്ക് അത് ഫീല്‍ ചെയ്തുവെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞു. കാരണമൊക്കെ ഞാന്‍ പറഞ്ഞിരുന്നു, നമ്മുടെ കയ്യില്‍ ഇപ്പോള്‍ കഥ പോലുമില്ലല്ലോ ശ്രീനിയേട്ടാ എന്ന് ഞാന്‍ പറഞ്ഞു.

നീ ഇപ്പോള്‍ അങ്ങനെയൊന്നും ചിന്തിക്കേണ്ട, നമ്മള്‍ ആലോചിക്കുന്ന ഏതെങ്കിലും കഥ അദ്ദേഹത്തിന് പറ്റുന്ന രീതിയില്‍ വരുകയാണെങ്കില്‍ ആലോചിക്കാല്ലോ, അദ്ദേഹത്തെ നിഷേധിക്കേണ്ട, അത് അവിടെ ഇരുന്നോട്ടെ ഒരു ബാധ്യത ആയൊന്നും ചിന്തിക്കണ്ട, മമ്മൂട്ടിയെ പോലൊരു ആള് വന്നാല്‍ പ്രോജക്ടിന്റെ കളര്‍ മാറുമെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞു.

അങ്ങനെ ഭൂതക്കണ്ണാടിയുടെ സെറ്റില്‍ വെച്ച് എന്റെ പടത്തില്‍ നായകനാകുന്ന കാര്യം മമ്മൂക്ക പ്രഖ്യാപിച്ചു. ഇവന്റെ പടത്തില്‍ ഞാനാണ് നായകന്‍, ഓപ്പണ്‍ ഡേറ്റാണ്, അവന്‍ എപ്പോള്‍ ചോദിച്ചാലും ഡേറ്റാണെന്നൊക്കെ പറഞ്ഞു. സിനിമാ ലോകത്ത് അത് കാട്ടുതീ പോലെ പടര്‍ന്നു. എതൊക്കെയോ പത്രങ്ങളില്‍ അത് സിങ്കിള്‍ കോളം ന്യൂസായി വരികയും ചെയ്തു,’ ലാല്‍ജോസ് പറഞ്ഞു.

Content Highlight: laljose about casting mammootty as hero in his first movie