| Saturday, 23rd September 2023, 3:43 pm

അള്ളാ, ഇങ്ങളെ അകത്ത് കേറ്റില്ലെന്നോ, വരീ; ദുബായ് പബ്ബിന് മുന്നില്‍ തടഞ്ഞ സെക്യൂരിറ്റിക്ക് മുന്നിലൂടെ ഞങ്ങളെ അകത്ത് കയറ്റിയ മാഹിക്കാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അറബിക്കഥയിലും ഡയമണ്ട് നെക്ലേസിലും ദുബായ് പൊലീസായി അഭിനയിച്ച മാഹിക്കാരനായ യുവാവിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

ഒരിക്കല്‍ ഒരു ദുബായ് സന്ദര്‍ശനത്തിനിടെ അവിടുത്തെ യൂറോപ്യന്‍സ് മാത്രം വരുന്ന ഒരു പബ്ബിന് മുന്‍പില്‍ തന്നേയും സുഹൃത്തക്കളേയും സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് സഹായത്തിനെത്തിയ മാഹിക്കാരയായ നയീം എന്ന യുവാവിനെ കുറിച്ചാണ് ലാല്‍ ജോസ് ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുന്നത്.

കാഴ്ചയില്‍ ഫലസ്തീനിയെന്ന് തോന്നിക്കുന്ന നയീമുമായി പിന്നീട് സൗഹൃദത്തിലായതിനെ കുറിച്ചും ദുബായില്‍ ചിത്രീകരിച്ച തന്റെ രണ്ട് സിനിമകളിലും അദ്ദേഹത്തിന് വേഷം നല്‍കിയതിനെ കുറിച്ചുമൊക്കെയാണ് ലാല്‍ജോസ് സംസാരിക്കുന്നത്.

‘ അറബിക്കഥയുടെ ഷൂട്ടിങ് കാലത്തെ കുറിച്ചും അതിന്റെ ലൊക്കേഷന്‍ ഹണ്ടിങ്ങിനെ കുറിച്ചുമൊക്കെ ഓര്‍ക്കുമ്പോള്‍ രസകരമായ ചില കഥകളുണ്ട്. ദുബായില്‍ അറബിക്കഥയുടെ ലൊക്കേഷന്‍ തിരയാന്‍ പോയ സമയം. എന്റെ അനിയന്‍ ലിന്റോ, അബു സെയ്ദ് എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

അറബിക്കഥയില്‍ ശ്രീനിയേട്ടന്റെ കഥാപാത്രം ബാത്ത്‌റൂമില്‍ കയറി മുദ്രാവാക്യം വിളിക്കുന്ന സീനൊക്കെ അവരുടെ കമ്പനിയുടെ ഗോഡൗണില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. അങ്ങനെ എന്റെ അനിയന്റെ ബോസ് എനിക്കൊരു പാര്‍ട്ടി തരണമെന്ന് ആഗ്രഹിച്ചു. ഞാനും അദ്ദേഹവും അനിയനും ദുബായില്‍ വെച്ച് മീറ്റ് ചെയ്തു. രാത്രി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അദ്ദേഹം ഞങ്ങളെ കൊണ്ടുപോയി.

ആ പബ്ബില്‍ കയറി ഒരു ഡ്രിങ്ക് കഴിച്ചപ്പോള്‍ പുള്ളി പറഞ്ഞു ഇനി അടുത്ത സ്ഥലത്ത് പോകാം. ഇവിടെ ഇതുപോലത്തെ കുറേ സ്ഥലങ്ങളുണ്ട് എന്ന്. അങ്ങനെ അവിടെ നിന്നും അടുത്ത ഇടത്തേക്ക് പോയി. ലോകത്തെമ്പാടുമുള്ള ആളുകളുടെ ഒരു മിക്‌സാണ് അവിടം. ഞാന്‍ അത്ഭുതത്തോടെ ഇതെല്ലാം നോക്കുകയാണ്.

അങ്ങനെ അടുത്ത സ്ഥലത്തെ ഡ്രിങ്ക് കഴിഞ്ഞപ്പോള്‍ അതിനടുത്തുള്ള മറ്റൊരു സ്ഥലത്തേക്ക് പോകാമെന്ന് പറഞ്ഞു. അങ്ങനെ രണ്ട് മൂന്ന് സ്ഥലത്ത് കയറി കഴിഞ്ഞപ്പോള്‍ പുള്ളി പറഞ്ഞു, ആ ഒരു സ്ഥലമുണ്ട് ഉഗ്രന്‍ പബ്ബ്. അവിടെ വേറൊരു ആമ്പിയന്‍സ് ആണ്. ഇന്ത്യന്‍സിനെ അധികം കണ്ടിട്ടില്ല. യൂറോപ്യന്‍സ് പോകുന്ന പബ്ബാണ്. അവിടെ പോകാമെന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ അവിടെ വണ്ടി നിര്‍ത്തി. അവിടെ ഫലസ്തീനിയന്‍ ലുക്കുള്ള ഒരു ചെറുപ്പക്കാരനെ ഞാന്‍ ശ്രദ്ധിച്ചു. പോണി ടെയ്‌ലൊക്കെ കെട്ടി ഭയങ്കര ഫിസിക്കൊക്കെയുള്ള നല്ല ഉയരമൊക്കൊയുള്ള ഒരു ചെറുപ്പക്കാരന്‍. മുന്‍പില്‍ അനിയനും ബോസുമാണ് നടക്കുന്നത്. ഞാന്‍ പിറകിലാണ്.

ഇവരെ പെട്ടെന്ന് അവിടെയുള്ള സെക്യൂരിറ്റി തടഞ്ഞുനിര്‍ത്തി. ഇവിടേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലെന്നും യൂറോപ്യന്‍സിനുള്ള പബ്ബാണെന്നും പറഞ്ഞു. അങ്ങനെയെല്ലല്ലോ ഇവിടെ ഞാന്‍ കഴിഞ്ഞയാഴ്ച എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം വന്നതാണല്ലോ എന്നായി എന്റെ അനിയന്റെ ബോസ്.

നിങ്ങള്‍ വന്നത് യൂറോപ്യന്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരിക്കുമെന്നും അവരുടെ സുഹൃത്തുക്കള്‍ എന്ന നിലയില്‍ നിങ്ങളെ കയറാന്‍ അനുവദിച്ചതാകുമെന്നും ഇന്ത്യക്കാര്‍ മാത്രമായി വന്നാല്‍ കയറാന്‍ പറ്റില്ലെന്നും സെക്യൂരിറ്റി പറഞ്ഞു. ഇദ്ദേഹം അപമാനിതനായതായി തോന്നി. സാരമില്ലെന്ന് ഞാന്‍ പറഞ്ഞു. നമ്മള്‍ ഒരുപാട് സ്ഥലത്ത് കയറിയല്ലോ നമുക്ക് തിരിച്ചുപോകാമെന്ന് പറഞ്ഞു.

പുള്ളി നിരാശനായി അപമാനിതനായി നില്‍ക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ മലയാളത്തില്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ നേരത്തെ കണ്ട ആ ഫലസ്തീന്‍ ലുക്കുള്ള യുവാവ് ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് ‘അള്ളാ ഇങ്ങള് ലാല്‍ജോസല്ലേ, എന്ന് മലയാളത്തില്‍ തലശേരി സ്ലാങ്ങില്‍ ചോദിച്ചു.

അയാള്‍ മാഹിക്കാരനാണ്. നയീം എന്നാണ് പേര്. ദുബായിലെ ഒരു സ്‌കൂളില്‍ അക്കൗണ്ടന്റാണ്. എക്‌സ്ട്രാ ജോലിയെന്ന നിലയില്‍ രാത്രി ഇവിടെ സെക്യൂരിറ്റിയായി വര്‍ക്ക് ചെയ്യുകയാണ്. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞപ്പോള്‍ സാര്‍ വാ, സാറിനില്ലാത്ത അഡ്മിഷനോ എന്ന് ചോദിച്ച് എന്നേയും കൊണ്ട് അകത്തേക്ക് കയറി.

ഹോസ്റ്റായി വന്ന രണ്ട് പേര്‍ പെട്ടെന്ന് എന്റെ ഗസ്റ്റുകളായി മാറുകയും ഞങ്ങള്‍ മൂന്ന് പേരും അതിനകത്ത് കയറുകയും ചെയ്തു. നയീമിന്റെ കുടുംബമൊക്കെ അവിടെയാണ്. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. അറബിക്കഥ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞാന്‍ നയീമിനെ വിളിച്ചു. അതില്‍ ഒരു ദുബായ് പൊലീസുകാരന്റെ റോള്‍ ഉണ്ടായിരുന്നു.

നയീമിന് ഒരു ഇന്ത്യന്‍ ലുക്കില്ലാത്തതുകൊണ്ട് ഞാന്‍ അവനെ വിളിച്ച് ഒരു ദുബായ് പൊലീസിന്റെ യൂണിഫോം നിനക്ക് പറ്റുന്നത് സംഘടിപ്പിക്കാമോ എന്ന് ചോദിച്ചു. സംഘടിപ്പിക്കാമെന്നും ദുബായ് പൊലീസില്‍ സുഹൃത്തുക്കളുണ്ടെന്നും പറഞ്ഞു. അങ്ങനെ അവന്‍ വന്നു. നയീമാണ് അറബിക്കഥയില്‍ ചൈനക്കാരിയുടെ വ്യാജ സി.ഡി പിടിക്കുന്ന ദുബായ് പൊലീസായി അഭിനയിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ഡയമണ്ട് നെക്ലേസിന്റെ ഷൂട്ടിങ്ങിനായി ദുബായിലെത്തി. അതില്‍ ഫഹദിന്റെ കാര്‍ ജപ്തി ചെയ്യാന്‍ വരുന്ന ദുബായ് പൊലീസായി ഞാന്‍ മറ്റൊരാളെ വിളിച്ചില്ല. നയീമിനെ വിളിച്ചു. നയീം ആ പഴയ സുഹൃത്തിന്റെ കയ്യില്‍ നിന്ന് യൂണിഫോമുമായി വന്നു. അറബിക്കഥയിലും ഡയമണ്ട് നെക്ലേസിലും ദുബായ് പൊലീസായി അങ്ങനെ നയീം അഭിനയിച്ചു,’ ലാല്‍ജോസ് പറഞ്ഞു.

Content Highlight: Laljose about a friend he got from dubai and share a funny story

We use cookies to give you the best possible experience. Learn more