| Tuesday, 19th November 2024, 3:58 pm

മദർ ഇന്ത്യ എന്നുപേരിട്ട ആ ഫഹദ് ഫാസിൽ ചിത്രം മുടങ്ങിപോവാൻ ഒരു കാരണമേയുള്ളൂ: ലാൽജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വീണുപോയിടത്തു നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തി ഇന്നിന്ത്യയിലെ മികച്ച നടനായി മാറിയ നടനാണ് ഫഹദ് ഫാസിൽ. മലയാളത്തേക്കാൾ ഇന്ന് അന്യഭാഷയിൽ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് ഫഹദ്.

മലയാളത്തിൽ അവസാനമിറങ്ങിയ ആവേശവും തമിഴിൽ ഇറങ്ങിയ വേട്ടയനുമെല്ലാം വലിയ വിജയമായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ അല്ലു അർജുൻ ചിത്രം പുഷ്പയുടെ ട്രെയ്‌ലറിലും ഫഹദ് കയ്യടി നേടുന്നുണ്ട്.

ഫഹദിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽജോസ്. വർഷങ്ങൾക്ക് മുമ്പ് അസിസ്റ്റന്റ് ഡയറക്ടറാക്കണമെന്ന് പറഞ്ഞ് ഫഹദ് തന്നെ കാണാൻ വന്നിരിന്നുവെന്നും എന്നാൽ ഫഹദിനോട് ഒരു നടനാവാനാണ് താൻ പറഞ്ഞതെന്നും ലാൽജോസ് പറയുന്നു. ഫഹദിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നുവെന്നും എന്നാൽ അന്ന് നിർമാതാക്കൾ പിന്മാറിയെന്നും ലാൽജോസ് പറഞ്ഞു

‘ഫഹദ് കുറെ വർഷം മുമ്പ് എന്നെ കാണാൻ വന്നിരുന്നു. അമേരിക്കയിലെ പഠനമൊക്കെ കഴിഞ്ഞ് തിരിച്ച് വന്നതായിരുന്നു ഫഹദ്. എന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആവണമെന്ന് പറഞ്ഞാണ് ഫഹദ് കാണാൻ വന്നത്. അന്ന് ഞാൻ അവനോട് പറഞ്ഞത്, നല്ല വെളുത്ത് ചുവന്ന് ആപ്പിൾ പോലെയിരിക്കുന്ന നീ അസിസ്റ്റന്റ് ഡയറക്ടറായി വന്ന് വെയിൽ കൊള്ളേണ്ട എന്നായിരുന്നു.

നിന്നെ നായകനാക്കി ഞാനൊരു സിനിമ ചെയ്യാമെന്ന് അന്ന് പറഞ്ഞു. അപ്പോൾ പുള്ളി കളിയാക്കല്ലേ എന്നൊക്കെ പറയുമായിരുന്നു. ഞാൻ പറഞ്ഞു, അങ്ങനെയല്ല നീ നടനാവേണ്ട ആളാണ് നിനക്ക് നടനാവാൻ പറ്റുമെന്നായിരുന്നു.

ആ കാലത്ത് ഞാൻ ഫഹദിനെ വെച്ചൊരു സിനിമ പ്ലാൻ ചെയ്തിരുന്നു. മദർ ഇന്ത്യ എന്നായിരുന്നു അതിന്റെ പേര്. ഫഹദ് ആയിരുന്നു ആ സിനിമയിലെ നായകനും വില്ലനും. ക്ലാസ്മേറ്റ്സിനൊക്കെ ശേഷം ചെയ്യാൻ തീരുമാനിച്ച ഒരു സിനിമയായിരുന്നു. എന്നാൽ ഫഹദാണ് നടനെന്ന് അറിഞ്ഞപ്പോൾ നിർമാതാക്കളെല്ലാം പിന്മാറി.

കാരണം ഫഹദിനെ അവർക്ക് അറിയില്ല. ആകെ അറിയുന്നത് ആദ്യം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന സിനിമ മാത്രമാണ്. പത്തൊമ്പതാം വയസിൽ അവൻ ചെയ്തൊരു സിനിമയാണത്. അവനെ ആർക്കും അറിയില്ലായിരുന്നു. അങ്ങനെ നടക്കാതെ പോയതാണ് ആ ചിത്രം,’ലാൽജോസ് പറയുന്നു.

Content Highlight: Laljose About A Dropped Project With Fahad Fazil

Latest Stories

We use cookies to give you the best possible experience. Learn more