ഫഹദിനെയും വിനീതിനെയും വെച്ചൊരു ഇംഗ്ലീഷ് ടൈപ്പ് ഫൺ ചിത്രം, എന്നാൽ അതേ തീമിൽ മറ്റൊരു പടം ഇറങ്ങി: ലാൽജോസ്
Entertainment
ഫഹദിനെയും വിനീതിനെയും വെച്ചൊരു ഇംഗ്ലീഷ് ടൈപ്പ് ഫൺ ചിത്രം, എന്നാൽ അതേ തീമിൽ മറ്റൊരു പടം ഇറങ്ങി: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd July 2024, 4:51 pm

ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു സൈക്കിൾ. വിനീത് ശ്രീനിവാസൻ ആദ്യമായി അഭിനേതാവായി അരങ്ങേറിയ ചിത്രം കൂടിയാണ് സൈക്കിൾ. വിനീത് ശ്രീനിവാസൻ, വിനു മോഹൻ, ഭാമ, കാതൽ സന്ധ്യ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ സൈക്കിൾ എന്ന ചിത്രത്തിന്റെ തീമിൽ ആദ്യം പടം ചെയ്യാനിരുന്നത് താനാണെന്നും നായകന്മാരായി ഉദ്ദേശിച്ചത് ഫഹദ് ഫാസിലിനെയും വിനീത് ശ്രീനിവാസനെയുമായിരുന്നുവെന്നും സംവിധായകൻ ലാൽജോസ് പറയുന്നു.

ഇംഗ്ലീഷ് സിനികളെല്ലാം പോലെ ഒരു ഫൺ ചിത്രമായി ഒരുക്കാനായിരുന്നു തന്റെ പ്ലാനെന്നും ബാംഗ്ലൂരായിരുന്നു പ്രധാന ലോക്കേഷനെന്നും ലാൽജോസ് പറയുന്നു.

‘ക്ലാസ്‌മേറ്റ്സ് സിനിമ കഴിഞ്ഞ് ഞാനും ജെയിംസ് ആല്‍ബര്‍ട്ടും ചേര്‍ന്ന് ഒരു സിനിമ ആലോചിച്ചിരുന്നു. ക്ലാസ്‌മേറ്റ്‌സിന്റെ ഡബ്ബിങ്ങ് സമയത്തായിരുന്നു അത്. അന്ന് ഞാന്‍ ആ സിനിമക്കായി പറഞ്ഞ ഒരു കാസ്റ്റിങ്ങായിരുന്നു ശ്രീനിയേട്ടന്റെ മകന്‍ വിനീതും പാച്ചിക്കയുടെ മകന്‍ ഫഹദും.

 

പഴയ ഇംഗ്ലീഷ് സിനിമകളില്‍ നായകന്മാരായി ഒരു വൈറ്റും ഒരു ബ്ലാക്കും വരുന്ന രീതിയുണ്ട്. ടെറന്‍സ് ഹിലും മറ്റൊരാളും അല്ലെങ്കില്‍ എഡ്ഡി മര്‍ഫി കൂടെയൊരാളും പോലെ. അത്തരത്തിലുള്ള ഒരു ഫണ്‍ ഫിലിം ഇങ്ങനെയുള്ള രണ്ടുപേരെ ഒരുമിച്ച് കൊണ്ട് ചെയ്യാനായിരുന്നു പ്ലാന്‍.

രണ്ടുപേരും അറിയപ്പെടുന്ന ആളുകളുടെ മക്കളാണ്. പിന്നെ രണ്ടുപേരും അഭിനയിക്കുമെന്നും എനിക്കറിയാം. അവരെ നായകന്മാരാക്കി ഒരു സിനിമ ആലോചിക്കാമെന്ന് പറഞ്ഞു. പക്ഷെ ആ സിനിമ ചെയ്തത് ജോണി ആന്റണിയാണ്. അതാണ് സൈക്കിള്‍ എന്ന സിനിമ.

ഞാന്‍ അന്ന് ആലോചിച്ചത് ബെംഗളൂരുവില്‍ വെച്ചിട്ടുള്ള വേറെ ഒരുതരം സിനിമയായിരുന്നു. ജോണി ആന്റണിയുമായി ഒരു സിനിമ ചെയ്യണമെന്ന് വന്നപ്പോഴാണ് അവര്‍ കാസ്റ്റിങ് അങ്ങനെ ആലോചിച്ച് വിനീതിനെയും വിനുവിനെയും നായകന്മാരാക്കി ഒരു സിനിമയെടുത്തത്,’ ലാല്‍ ജോസ് പറഞ്ഞു.

 

Content Highlight: Laljose About A Dropped Movie With Fahad And Vineeth Sreenivasan