ലാല്‍ജോസ്, അടൂര്‍... ബ്ലെസിക്ക് മുമ്പ് ആടുജീവിതം സിനിമയാക്കാന്‍ തന്നെ സമീപിച്ചവരെ കുറിച്ച് ബെന്യാമിന്‍
Entertainment news
ലാല്‍ജോസ്, അടൂര്‍... ബ്ലെസിക്ക് മുമ്പ് ആടുജീവിതം സിനിമയാക്കാന്‍ തന്നെ സമീപിച്ചവരെ കുറിച്ച് ബെന്യാമിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th September 2023, 12:17 pm

ബ്ലെസിക്ക് മുമ്പ് ആടുജീവിതം സിനിമയാക്കാന്‍ വേറെയും ചില സംവിധായകര്‍ തന്നെ സമീപിച്ചിരുന്നതായി എഴുത്തുകാരന്‍ ബെന്യാമിന്‍. അടൂര്‍ ഗോപാലകൃഷ്ണനും, ലാല്‍ജോസും, മുംബൈയില്‍ നിന്നുള്ള ചിലരും ഈ ആവശ്യവുമായി തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോ ജേര്‍ണലിസ്റ്റ് ബൈജു എന്‍.നായരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആട് ജീവിതം സിനിമയുടെ എഡിറ്റിങ് പൂര്‍ത്തിയാക്കാത്ത പകുതി ഭാഗം താന്‍ കണ്ടിട്ടുണ്ടെന്നും ബെന്യാമിന്‍ പറയുന്നു.

‘ പകുതി വരെയുളള്ള ഭാഗം ഞാന്‍ കണ്ടിട്ടുണ്ട്. ഷൂട്ട് ഇടക്ക് വെച്ച് ബ്രേക്കായിരുന്നു. ആ സമയത്താണ് കണ്ടത്. അതിന് ശേഷം ഞാനും പ്രിഥ്വിരാജും ബ്ലെസിയും മറ്റു പ്രധാനപ്പെട്ട ആളുകളും ഒരുമിച്ചിരുന്ന് സെക്കന്റ് പാര്‍ട്ടില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.

അത് പക്ഷെ പൂര്‍ണരൂപത്തില്‍ കണ്ടിട്ടില്ല. വി.എഫ്.എകസ് മിക്‌സ് ചെയ്ത, ശബ്ദം കൂട്ടിച്ചേര്‍ത്ത രൂപത്തില്‍ കണ്ടിട്ടില്ല എന്ന് മാത്രം. പകുതി വരെ കണ്ടപ്പോള്‍ വലിയ പ്രതീക്ഷയും സന്തോഷവും തോന്നി. ഭയങ്കര ഡെഡിക്കേറ്റ് ആയിട്ട് അത് ചെയ്തിട്ടുണ്ട്. അതിന് വേണ്ടി വലിയ ഏഫേര്‍ട് എടുത്തിട്ടുണ്ട്.

ലാല്‍ജോസാണ് ആദ്യം ഇത് സിനിമയാക്കുന്നതിന് വേണ്ടി സമീപിച്ചത്. അന്ന് അദ്ദേഹത്തിന്റെ അറബിക്കഥ ഇറങ്ങിയ സമയമായിരുന്നു. അറബിക്കഥ വന്നത് കൊണ്ട് തന്നെ കുറച്ച് കഴിഞ്ഞിട്ട് ചെയ്യാമെന്നായിരുന്നു അന്ന് തീരുമാനിച്ചത്. പിന്നാലെ ബ്ലെസിയും ലാല്‍ജോസും പരസ്പരം സംസാരിച്ചതിന് ശേഷമാണ് ബ്ലെസി ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

അടൂര്‍ ഗോപാലകൃഷ്ണനും ഇത് സിനിമയാക്കുന്നതിന് വേണ്ടി സമീപിച്ചിരുന്നു. അപ്പോഴേക്കും ബ്ലെസിയുമായി കരാറിലെത്തിയിരുന്നു. നമ്മളാണെങ്കില്‍ അത് എപ്പോഴേ ചെയ്ത് തീര്‍ത്തിട്ടുണ്ടാകുമെന്ന് അടൂര്‍ ഇപ്പോഴും കാണുമ്പോള്‍ പറയും. മുംബൈയില്‍ നിന്നും പലരും ഇതേ ആവശ്യവുമായി എന്ന സമീപിച്ചിരുന്നു. അപ്പോഴേക്കും നമ്മള്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു. അത്‌കൊണ്ട് തന്നെ മറ്റ് സാധ്യതകളെ കുറിച്ചൊന്നും ആലോചിക്കേണ്ടി വന്നിട്ടില്ല,’ ബെന്യാമിന്‍ പറഞ്ഞു.

content highlights: Laljos, Adoor…Benyamin on people who approached him to make aadujeevitham a movie before Blessi