അനില്‍ പനച്ചൂരാന്റെ സിനിമയിലേക്കുള്ള എന്‍ട്രി മൂന്ന് കാര്യങ്ങള്‍ ഒരുമിച്ച് ചെയ്ത് കൊണ്ടായിരുന്നു എന്ന് സംവിധായകന്‍ ലാല്‍ ജോസ്. താന്‍ സംവിധാനം ചെയ്ത അറബിക്കഥയിലെ പാട്ടുകള്‍ എഴുതുകയും ചോരവീണമണ്ണില്‍ എന്ന് തുടങ്ങുന്ന പാട്ട് പാടുകയും ആ പാട്ടില്‍ അഭിനയിക്കുകയും ചെയ്ത് കൊണ്ടാണ് അനില്‍ പനച്ചൂരാന്‍ സിനിമയിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അറബിക്കഥക്ക് മുമ്പ് ഒരു സിനിമക്ക് വേണ്ടി അനില്‍ പനച്ചൂരാന്‍ എഴുതിയിട്ടുണ്ട്. അത് പക്ഷെ ആ സമയത്ത് റീലിസ് ചെയ്തിട്ടുണ്ടായിരുന്നില്ല. അതിനും മുമ്പ് മകള്‍ക്ക് എന്ന ജയരാജ് സംവിധാനം ചെയ്ത സിനിമയില്‍ അനില്‍ പനച്ചൂരാന്റെ ഒരു കവിത ഉപയോഗിച്ചിട്ടുണ്ട്.ഭ്രാന്തി എന്നായിരുന്നു ആ കവിതയുടെ പേര്. ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് അത് പാടിയിരുന്നത്.
അങ്ങനെ രണ്ട് സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും അറബിക്കഥയാണ് പനച്ചൂരാന്റെ സ്വന്തം സിനിമയായിട്ട് റിലീസ് ചെയ്തത്. പനച്ചൂരാന്‍ ആഗ്രഹിച്ചത് പോലെ തന്നെ അറബിക്കഥ ആദ്യം റെഡിയായി. ഇഖ്ബാല്‍ കുറ്റിപ്പുറവും ഷൊര്‍ണൂരിലേക്ക് വന്നു. അങ്ങനെ അറബിക്കഥ ആദ്യം ചെയ്യാന്‍ തീരുമാനിച്ചു. ബിജിബാലും അനില്‍പനച്ചൂരാനും തമ്മിലുള്ള കോമ്പിനേഷനും അങ്ങനെയുണ്ടായി.
ചോരവീണ മണ്ണില്‍ എന്ന് തുടങ്ങുന്ന പാട്ട് എഴുതിയ സമയത്ത് ഞാന്‍ ബിജിബാലിനോട് പറഞ്ഞു അത് അനില്‍ തന്നെ പാടിയാല്‍ മതി, അദ്ദേഹത്തിന്റെ ശബ്ദത്തില്‍ തന്നെ ആയിക്കോട്ടെ എന്നും ഞാന്‍ പറഞ്ഞു. ആ പടത്തില്‍ എല്ലാ പാട്ടുകളും പനച്ചൂരാന്‍ എഴുതി. ഈ പാട്ട് പനച്ചൂരാന്‍ പാടി. ഈ പാട്ടിന്റെ സീനില്‍ പനച്ചൂരാന്‍ അഭിനയിക്കുകയും ചെയ്തു. അങ്ങനെ മൂന്ന് കാര്യങ്ങള്‍ ഒരുമിച്ച് ചെയ്ത് കൊണ്ടായിരുന്നു സിനിമയിലേക്കുള്ള പനച്ചൂരാന്റെ രാജകീയമായ എന്‍ട്രി,’ ലാല്‍ജോസ് പറഞ്ഞു.