ഭോപാല്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടണ്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ലക്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പനിയും മൂത്രസംബന്ധമായ അസുഖവും കാരണം ജൂണ്‍ 11നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനില കൂടെ കൂടെ മോശമായി വരികയായിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശ്വാസകോശം, കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനവും മോശമായ നിലയിലായിരുന്നു.
മകന്‍ അശുതോഷ് ടണ്ടണാണ് മരണവിവരം ട്വറ്ററിലൂടെ അറിയിച്ചത്. ടണ്ടണ്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ അനന്ദിബന്‍ പട്ടേലിന് സംസ്ഥാനത്തിന്റെ അധിക ചുമതല നല്‍കി.
ടണ്ടണ്‍ ജനിച്ചതും വളര്‍ന്നതും ഉത്തര്‍പ്രദേശിലാണ്. ആര്‍.എസ്.എസില്‍ ചേര്‍ന്നാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്.
1980കളില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്കെത്തി. വാജ്‌പേയ് അസുഖ ബാധിതനായി രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നിന്നതോടെ 2009ലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ യു.പിയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ടണ്ടണാണ്.
2018ല്‍ ബിഹാര്‍ ഗവര്‍ണറായിരുന്നു. 2019ല്‍ മധ്യപ്രദേശ് ഗവര്‍ണറായി സ്ഥാനമേറ്റു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ