| Monday, 7th March 2022, 6:54 pm

തമ്മിലടിച്ച് സണ്ണിച്ചായനും ആനിയമ്മയും; ചേട്ടനും അനിയത്തിയുമായി മഞ്ജുവും ബിജു മേനോനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യറും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഒരു കുടുംബത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ചേട്ടനും അനിയത്തിയുമായാണ് മഞ്ജുവും ബിജു മേനോനും ചിത്രത്തിലെത്തിയിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള രസകരമായ ഇണക്കങ്ങളും പിണക്കങ്ങളുമാണ് ട്രെയ്‌ലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സൈജു കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന മേഘജാലകം എന്ന പാട്ട് ശ്രദ്ധ നേടിയിരുന്നു.

മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിനൊപ്പം സെഞ്ച്വറിയും നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്.

പി. സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവരാണ് ലളിതം സുന്ദരത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Content Highlight: lalitham sundaram trailer out

We use cookies to give you the best possible experience. Learn more