അടുത്തിടെ ബിഗ് ബജറ്റ് സിനിമകള്‍ വിജയിച്ച ശേഷം അതിലെ പ്രധാനതാരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍മാതാവ് സമ്മാനം കൊടുക്കുന്നത് പതിവാണ്.
ജയിലര്‍ വിജയിച്ചപ്പോഴും, വിക്രം വിജയിച്ചപ്പോഴും നിര്‍മാതാക്കള്‍ ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു.
ഇപ്പോഴിത ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ വിജയത്തിലേക്ക് പോകുമ്പോള്‍ ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നിര്‍മാതാവ് ലളിത് കുമാര്‍.
മുമ്പ് ലോകേഷ് സംവിധാനം ചെയ്ത് വിജയ് നായകനായ മാസ്റ്ററും 7 സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇദ്ദേഹമായിരുന്നു നിര്‍മിച്ചത്. അന്ന് ചിത്രം വിജയിച്ചപ്പോള്‍ വിജയിയോട് സമ്മാനം നല്‍കുന്നതിനെ പറ്റി സൂചിപ്പിച്ചുവെന്നും എന്നാല്‍ അദ്ദേഹം ശമ്പളം നല്‍കിയല്ലോ അതുകൊണ്ട് ഇനി ഒന്നും അവശ്യമില്ലായെന്ന് പറഞ്ഞെന്നുമാണ് ലളിത് കുമാര്‍ പറയുന്നത്.
‘മാസ്റ്റര്‍ വിജയിച്ചപ്പോള്‍ ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കാന്‍ ആലോചിച്ചിരുന്നു. ഇതിനെ പറ്റി വിജയ് സാറിനോട് ചോദിച്ചപ്പോള്‍ ശമ്പളം തന്നല്ലോ വേറെ ഒന്നും ആവശ്യമില്ലയെന്നാണ് അദ്ദേഹം പറഞ്ഞത്. ലിയോക്ക് ശേഷവും അദ്ദേഹത്തോട് ഞാന്‍ ഇതിനെ പറ്റി ചോദിക്കും എന്നാല്‍ എനിക്ക് തോന്നുന്നില്ല അദ്ദേഹം അതിന് സമ്മതിക്കുമെന്ന്. വിജയ് സാറിനോട് മാത്രമല്ല ലോകേഷിനോടും ചോദിക്കും,’ ലളിത് കുമാര്‍ പറയുന്നു.
ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വൂഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലളിത് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.
മികച്ച ആദ്യ ദിന കളക്ഷന്‍ ഉള്‍പ്പടെ നേടി സിനിമ പ്രദര്‍ശനം തുടരുകയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.