ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ബഹളത്തുടക്കം. ലളിത് മോദി വിഷയത്തില്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രതിപക്ഷ കക്ഷികള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് രാജ്യസഭ പല തവണ തടസപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ 2 മണിവരെ നിര്‍ത്തി വെച്ചു. അതേ സമയം മധ്യപ്രദേശില്‍ നിന്നുള്ള സിറ്റിങ് എംപിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു.
രാജ്യസഭയില്‍ ആനന്ദ് ശര്‍മയാണ് ലളിത് മോദി വിവാദം ഉന്നയിച്ചത്. ലളിത് മോദിയെ രാജ്യം വിടാനായി ബി.ജെ.പി സര്‍ക്കാര്‍ സഹായിച്ചെന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിയ ആരോപണം.
തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സംസാരിക്കാന്‍ ഒരുങ്ങിയപ്പോള്‍ പ്രതിപക്ഷ ബഹളം ആരംഭിക്കുകയായിരുന്നു. ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്!ലി അറിയിച്ചെങ്കിലും വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം തുടരുകയായിരുന്നു.
ലളിത് മോദി വിവാദം, വ്യാപം തുടങ്ങിയ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇരുസഭകളിലും പ്രതിഷേധമുണ്ടാവുമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. അതേ സമയം കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ കേരളത്തിലെ സോളാര്‍ വിഷയം ഉള്‍പ്പടെ നേരിടാനാണ് ബി.ജെ.പി ശ്രമിച്ചത്.