| Wednesday, 2nd September 2015, 10:00 am

ലളിത് മോദിയുടെ വിദേശ അക്കൗണ്ടുകളിലുള്ള പണം സര്‍ക്കാര്‍ പിടിച്ചെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയുടെ പേരില്‍ വിദേശ അക്കൗണ്ടുകളിലുള്ള പണം കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുത്തേക്കും. സിംഗപ്പൂര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലെ ബാങ്കുകളിലുള്ള മോദിയുടെ പണം സര്‍ക്കാര്‍ വരും മാസങ്ങളില്‍ പിടിച്ചടക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാധ്യമങ്ങളെ അറിയിച്ചു.

മൗറീഷ്യസ്, സിംഗപ്പൂര്‍ സര്‍ക്കാരുകള്‍ മോദിയുടെയും കുടുംബാംഗങ്ങളുടെയും 2008 മുതലുള്ള അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഈ സര്‍ക്കാരുകള്‍ രാജ്യത്തിന് കൈമാറിയാല്‍ മാത്രമേ നടപടികള്‍ സ്വീകരിക്കാനാവൂ എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

അതേ സമയം ലളിത് മോദി ഉടന്‍ അറസ്റ്റിലാവുമെന്നാണ് സൂചന. ഇദ്ദേഹം മെഡിറ്ററേനിയന്‍ ദ്വീപായ മാള്‍ട്ടയില്‍ ഒളിവില്‍ കഴിയുന്നതായും സൂചനയുണ്ട്. മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇന്റര്‍പോളിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാന്‍ സാധിക്കും. ഓഗസ്റ്റ് 20നാണ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി സി.ബി.ഐ, ഇന്റര്‍പോളിന് അപേക്ഷ നല്‍കിയിരുന്നത്.

ഐ.പി.എല്‍ ടൂര്‍ണമെന്റ് നടത്തിപ്പില്‍ ലളിത് മോദി നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലളിത് മോദി ഇന്ത്യ വിട്ടിരുന്നത്.

We use cookies to give you the best possible experience. Learn more