| Tuesday, 16th June 2015, 9:29 am

സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയുടെ കടമ നിര്‍വഹിക്കുകയാണ് ചെയ്തതെന്ന് ലളിത് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിസ അനുവദിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടല്‍ നടത്തിയെന്ന വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്ത്. ട്വിറ്ററിലൂടെയും അഭിഭാഷകന്‍ മുഖേനയുമാണ് ലളിത് മോദി നിലപാട് വ്യക്തമാക്കിയത്.

അഭിഭാഷകനായ മുഹമ്മദ് അബ്ദിയാണ് ലളിത് മോദിക്കുവേണ്ടി വിശദീകരണം നല്‍കിയത്. ലളിത് മോദിയ്‌ക്കെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസുണ്ടെന്നും അദ്ദേഹം “ഒളിച്ചോടിയയാളാണെന്നുമുള്ള ആരോപണങ്ങള്‍ അബ്ദി തള്ളി.  കോണ്‍ഗ്രസ് അദ്ദേഹത്തെ വേട്ടയാടുകയാണ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

“എ രാജയെ ജാമൈ രാജയായി കിട്ടിയ ആളുകള്‍ ആത്മപരിശോധന നടത്തുകയാണു വേണ്ടത്. അല്ലാതെ മര്യാദയെക്കുറിച്ച് പ്രസംഗിക്കുകയല്ല.” അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച അഭിഭാഷന്‍ സുഷമ സ്വരാജിന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയും ചെയ്തു. സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ തന്റെ കടമ നിര്‍വഹിക്കുക മാത്രമാണു ചെയ്തത്. രാജ്യത്തിനു പുറത്തു പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു ഇന്ത്യക്കാരനെ സഹായിക്കുക മാത്രമാണ് അവര്‍ ചെയ്തതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ച് സഹായിക്കണമെന്ന ലളിത് മോദിയുടെ അപേക്ഷ സ്വീകരിക്കുകയും അദ്ദേഹത്തെ സഹായിക്കുകയുമാണ് സുഷമ സ്വരാജ് ചെയ്തത്. പോര്‍ച്യുഗലിലുള്ള ഭാര്യയുടെ ഓപ്പറേഷന്‍ സമയത്ത് മോദിക്ക് അവര്‍ക്കൊപ്പം നില്‍ക്കാന്‍ അവസരമുണ്ടാക്കുകയാണ് സുഷമ ചെയ്തത്.

മോദിയ്‌ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉണ്ടായിട്ടും മുന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിട്ടും അവരെ സഹായിക്കുകയാണ് സുഷമ സ്വരാജ് ചെയ്തത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ഇന്റര്‍പോള്‍ മോദിയ്‌ക്കെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസൊന്നും പുറത്തിറക്കിയിട്ടില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന് കൊച്ചി ഐ.പി.എല്‍ ഫ്രാഞ്ചൈസിയിലുണ്ടായ ഷെയര്‍ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനാണ് ലളിത് മോദിയെ മുന്‍ സര്‍ക്കാര്‍ ഉന്നമിട്ടതെന്നും അഭിഭാഷകന്‍ പറയുന്നു.

2010ലാണ് ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ലളിത് മോദിയെ പുറത്താക്കിയത്. അഴിമതി ആരോപണങ്ങള്‍ നേരിട്ട പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more