ന്യൂദല്‍ഹി: ഐ.പി.എല്‍ സാമ്പത്തികത്തട്ടിപ്പുകളുടെ പേരില്‍ സി.ബി.ഐ അന്വേഷിക്കുന്ന മുന്‍ ഐ.പി.എല്‍ കമ്മിഷണര്‍ ലളിത് മോദി ഉടന്‍ ഇന്റര്‍പോളിന്റെ പിടിയിലായേക്കുമെന്നു സൂചന. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസിലുള്‍പ്പെട്ട മോദി, മെഡിറ്ററേനിയന്‍ ദ്വീപായ മാള്‍ട്ടയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 20നാണ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി സി.ബി.ഐ, ഇന്റര്‍പോളിന് അപേക്ഷ നല്‍കിയത്.
ഐ.പി.എല്ലില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിസ്ഥാനത്തായപ്പോള്‍ അഞ്ചുവര്‍ഷം മുമ്പാണ് അന്ന് കമ്മീഷണറായിരുന്ന മോദി ഇന്ത്യയില്‍ നിന്നും കടന്നത്. ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് പ്രകാരം മോദിയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ താമസിയാതെ തന്നെ ഇന്ത്യക്ക് കൈമാറും.
അതേസമയം മോദി അറസ്റ്റിലാകുന്നത് കേന്ദ്ര ഗവണ്‍മെന്റിന് താല്‍ക്കാലികാശ്വാസമാകും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ബി.ജെ.പി അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലെ മുഖ്യമന്ത്രി വസുന്ധര രാജെയും ലളിത് മോഡിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ വിവാദമായിരുന്നു.