| Thursday, 18th June 2015, 1:54 pm

ലളിത് മോദിയുടെ ഉന്നത ബന്ധം കരുതിയതിനുമപ്പുറം കടല്‍ക്കൊലക്കേസിലും ഇടപെട്ടതായി അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി കടല്‍ക്കൊലക്കേസില്‍ ഇടപെട്ടിരുന്നതായി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സുല്‍ഫിക്കര്‍ മേമന്‍. നാവികരുമായി ബന്ധപ്പെട്ട നയതന്ത്ര പ്രശ്‌നങ്ങളില്‍ നിയമോപദേശം ആരാഞ്ഞ് കഴിഞ്ഞ ഒക്ടോബറില്‍ മോദി തന്നെ രണ്ട് തവണ ബന്ധപ്പെട്ടതായി മേമന്‍ വെളിപ്പെടുത്തി.

കേസ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചുള്ള വിവരങ്ങളാണ് മോദി തന്നോട് ചോദിച്ചതെന്ന് മേമന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി. ചോദിച്ചപ്പോള്‍ ഒരു ഉന്നത വ്യക്തിക്ക് വേണ്ടിയാണെന്ന് മോദി മറുപടി പറഞ്ഞെന്നും മേമന്‍ വ്യക്തമാക്കി.

ഒക്ടോബര്‍ മാസത്തില്‍ തന്നെ കേസിനെ കുറിച്ച് താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ന്യൂയോര്‍ക്കില്‍ വെച്ച് ലളിത് മോദിക്ക് കൈമാറിയെന്നും മേമന്‍ പറഞ്ഞു. വിഷയത്തെ കുറിച്ച് പിന്നീട് മോദിയുമായി ഫോണില്‍ സംസാരിച്ചെങ്കിലും തുടര്‍ന്ന് സംഭവിച്ചത് തനിക്കറിയില്ലെന്നും മേമന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കി.

ലളിത് മോദിയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ വലിപ്പം വ്യക്തമാക്കുന്നതാണ് അഭിഭാഷകനായ സുല്‍ഫീക്കര്‍ മേമന്റെ വാക്കുകള്‍. 2012 ഫെബ്രുവരി 25നാണ് കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളായ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ കൊല്ലപ്പെട്ടിരുന്നത്.

നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഇറ്റലി ശ്രമം നടത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more