ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം എല്ലായ്‌പ്പോഴും ചേര്‍ത്തുപറയുന്ന പേരുകളിലൊന്നാണ് ഷാരൂഖ് ഖാന്റേത്. ടീമിന്റെ മത്സരങ്ങളില്‍ സ്റ്റേഡിയത്തിലെത്തുന്ന കിങ് ഖാന്‍ ആരാധകര്‍ക്ക് എന്നും ആവേശമായിരുന്നു.
എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനയെല്ല മറ്റൊരു ടീമിനെയാണ് ഷാരൂഖ് വാങ്ങാന്‍ താത്പര്യപ്പെട്ടിരുന്നതെന്ന് പറയുകയാണ് ഐ.പി.എല്ലിന്റെ ആദ്യ ചെയര്‍മാനായ ലളിത് മോദി.
മുംബൈ ടീമിനെ സ്വന്തമാക്കാനാണ് ഷാരൂഖ് ശ്രമിച്ചിരുന്നതെന്നും എന്നാല്‍ അത് സാധിക്കാതെ വന്നതോടെ കൊല്‍ക്കത്തയെ സ്വന്തമാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
രാജ് ഷമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുകേഷ് അംബാനി മുംബൈ ഫ്രാഞ്ചൈസിയെ വാങ്ങിയതോടെ ഷാരൂഖ് കൊല്‍ക്കത്ത ഫ്രാഞ്ചൈസിയില്‍ ഇന്‍വെസ്റ്റ് ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘ഷാരൂഖ് ഖാന് മുംബൈ ഫ്രാഞ്ചൈസിയെ വാങ്ങാനായിരുന്നു താത്പര്യമുണ്ടായിരുന്നത്. എന്നാല്‍ മുകേഷ് അംബാനി മുംബൈയെ എടുത്തു. ആ സമയം കൊല്‍ക്കത്ത ബാക്കിയുണ്ടായിരുന്നു, ഷാരൂഖ് ആ ടീമില്‍ ഇന്‍വെസ്റ്റ് ചെയ്തു. അദ്ദേഹം ക്രിക്കറ്റിനെ കൂടുതല്‍ രസകരമാക്കി,’ ലളിത് മോദി പറഞ്ഞു.
മുംബൈ ഫ്രാഞ്ചൈസി വളരെ വിലയേറിയതായിരുന്നു. 111.90 മില്യണ്‍ ഡോളറാണ് അംബാനി മുംബൈക്കായി നല്‍കിയത്. അതേസമയം, മെഹ്ത ഗ്രൂപ്പുമായി കൈകോര്‍ത്ത ഷാരൂഖ് 75.09 മില്യണ്‍ ഡോളറിന് കൊല്‍ക്കത്ത ഫ്രാഞ്ചൈസിയെ സ്വന്തമാക്കി.
ഞാനും ഷാരൂഖും സഹപാഠികളായിരുന്നു. ഐ.പി.എല്ലില്‍ ടീമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ടൂര്‍ണമെന്റിനെ കുറിച്ച് എനിക്ക് വളരെ കുറച്ച് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ, എന്നിട്ടും ഞാന്‍ ഷാരൂഖിന്റെയടുത്ത് പോയി,’ ലളിത് മോദി പറഞ്ഞു.
അതേസമയം, ഐ.പി.എല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ ലേലത്തില്‍ മികച്ച ടീമിനെയാണ് കൊല്‍ക്കത്ത പടുത്തുയര്‍ത്തിയത്. വെങ്കിടേഷ് അയ്യരെയും റഹ്‌മാനുള്ള ഗുര്‍ബാസിനെയും വിടാതെ ടീമിലെത്തിച്ച കെ.കെ.ആര്‍, ക്വിന്റണ്‍ ഡി കോക്കിനെയും ആന്‌റിക് നോര്‍ക്യയെയും സ്വന്തമാക്കിയിരുന്നു.