| Tuesday, 9th May 2017, 10:21 am

'ലളിത് മോദി ലീക്ക്‌സ്': ധോണിയ്ക്ക് ശ്രീനിവാസന്റെ ഇന്ത്യ സിമന്റസ് നല്‍കിയ ഓഫര്‍ ലെറ്റര്‍ പുറത്ത് വിട്ട് ലളിത് മോദി; വിരല്‍ ചൂണ്ടുന്നത് വാതുവെപ്പിലേക്കും കള്ളപ്പണത്തിലേക്കും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് താരവും മുന്‍ ഇന്ത്യന്‍ നായകനുമായ എം.എസ് ധോണിയ്ക്ക് ഇന്ത്യാ സിമന്റ്‌സ് നല്‍കിയ ഓഫര്‍ ലെറ്റര്‍ പുറത്തു വിട്ട് മുന്‍ ഐ.പി.എല്‍ മേധാവി ലളിത് മോദി. ബി.സി.സി.ഐയുടെ മുന്‍ പ്രസിഡന്റായ എന്‍.ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്ത്യ സിമന്റ്‌സ്.

ഐ.പി.എല്ലിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ലളിത് മോദി, 100 കോടി വാര്‍ഷിക വരുമാനമുണ്ടായിട്ടും ധോണിയ്ക്ക് എന്തിന് ജോലി നല്‍കിയെന്നും ചോദിക്കുന്നു. ഇന്‍സ്റ്റഗ്രമിലൂടെയായിരുന്നു ലളിത് മോദിയുടെ ആരോപണം.

2012 ലായിരുന്നു മഹേന്ദ്ര സിംഗ് ധോണിയെ ഇന്ത്യ സിമന്റ്‌സിന്റെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായി നിയമിക്കുന്നത്. 43000 രൂപയായിരുന്നു ധോണിയുടെ അടിസ്ഥാന ശമ്പളം. ഇതിനു പുറമെ, 21970 ന്റെ ഡിയര്‍നെസ് അലവന്‍സും സ്‌പെഷ്യല്‍ പേയായി 20000, സ്‌പെഷ്യല്‍ അലവന്‍സായി മാസം 60000 വും വേറെയും.

ലോകകപ്പ് വിന്നിംഗ് ക്യാപ്റ്റന് ന്യൂസ് പേപ്പര്‍ എക്‌സ്‌പെന്‍സായി മാസവും 175 രൂപയും എന്റര്‍ടെയ്ന്‍മെന്റ് ചെലവിലേക്ക് 4500 രൂപയും നല്‍കാനും ധാരണയുണ്ട്. ഇതിനൊക്കെ പുറമെ കമ്പനിയുടെ ചെന്നൈയിലെ ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ ധോണി ചാര്‍ജെടുത്തതു മുതല്‍ അദ്ദേഹത്തിന്റെ കറന്റ്, വെള്ളം, കുക്കിംഗ് ഗ്യാസ് തുടങ്ങിയ ബില്ലുകളും കമ്പനിയായിരിക്കും അടക്കുക എന്നും ഓഫര്‍ ലെറ്ററില്‍ പറയുന്നു.

ഇന്ത്യ സിമന്റ്‌സ് മുതലാളിയായ ശ്രീനിവാസന്റെ തന്നെ ഉടമസ്ഥതയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമും. വാതുവെുപ്പ് വിവാദത്തെ തുടര്‍ന്ന് ടീമിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ചെന്നൈ ടീം അടുത്ത വര്‍ഷം കളിക്കാനിറങ്ങും.


Also Read: ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്നു പറഞ്ഞ ബി.ജെ.പിക്കെതിരെ ഹിന്ദുക്കള്‍ അപകീര്‍ത്തി കേസുകൊടുക്കണമെന്ന് ശിവസേന


ധോണിയെ ബി.സി.സി.ഐയിലെ നോര്‍ത്ത് ബ്ലോക്ക് സംരക്ഷിക്കുകയായിരുന്നുവെന്നും ഇത്തരത്തിലുള്ള നിരവധി കോണ്‍ട്രാക്ടറുകള്‍ ഉണ്ടെന്നും ലളിത് മോദി പറയുന്നു. വാതു വെപ്പും കള്ളപ്പണം വെളുപ്പിക്കലിലേക്കുമൊക്കെയാണ് ലളിത് മോദി വിരല്‍ ചൂണ്ടുന്നത്.

We use cookies to give you the best possible experience. Learn more