| Wednesday, 21st June 2023, 5:21 pm

-22 ഡിഗ്രി തണുപ്പിൽ വിജയ് കാർ തള്ളി, കുറച്ചൊന്ന് മിസ്സായാൽ നൂറടി താഴ്‍ചയിലേക്ക് വീഴുമായിരുന്നു: ലളിത് കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ലിയോ’ എന്ന ചിത്രത്തിൽ കാശ്മീരിലെ -22 ഡിഗ്രി തണുപ്പിൽ വിജയ് സ്വെറ്റർ ഉപയോഗിക്കാതെയാണ് അഭിനയിച്ചതെന്ന് പ്രൊഡ്യൂസർ ലളിത് കുമാർ. മഞ്ഞ്‌ കാരണം റോഡ് ബ്ലോക്ക് ആയിരുന്നതിനെ തുടർന്ന് ഡെസ്റ്റിനേഷൻ എത്താൻ വിജയ് വണ്ടി തള്ളിയെന്നും അത് അദ്ദേഹത്തിന്റെ അർപ്പണ മനോഭാവം ആണെന്നും ലളിത് കുമാർ പറഞ്ഞു. എസ്.എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലിയോ ചെയ്യുമ്പോൾ 52 ദിവസം കാശ്മീരിൽ ഷൂട്ട് ഉണ്ടായിരുന്നു. അതും തുടർച്ചയായിട്ട്. പറഞ്ഞാൽ വിശ്വസിക്കില്ല -22 ഡിഗ്രി ആയിരുന്നു അവിടെ തണുപ്പ്. ഞങ്ങൾ എല്ലാവരും സ്വെറ്ററും അതിന് മുകളിൽ ഷർട്ടുകളും ഇട്ടിട്ടുണ്ടായിരുന്നു. എന്നാൽ വിജയ് സാർ മാത്രം വെറും ഷർട്ടിലാണ് അഭിനയിച്ചത്. അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ ആണത്.

ഐസിന് മുകളിലൂടെ ഉരുണ്ട് പോകുന്ന ഒരു ഫൈറ്റ് സീൻ ഉണ്ടായിരുന്നു. അദ്ദേഹം അതൊക്കെ വെറും ഷർട്ട് മാത്രം ഇട്ടുകൊണ്ടാണ് ചെയ്തത്. അവിടുത്തെ തണുപ്പിൽ ആർക്കും അങ്ങനെ നില്ക്കാൻ പറ്റില്ല. ഞങ്ങളൊക്കെ രണ്ട് സ്വെറ്റർ ഇട്ടിട്ടുണ്ടായിരുന്നു. അദ്ദേഹം ആ സീൻ കഴിയുന്നവരെ വേറെ ഒന്നും ഉപയോഗിച്ചില്ല, വെറും ഷർട്ട് മാത്രമായിരുന്നു ധരിച്ചിരുന്നത്.

മഞ്ഞിൽ മൂടിയ റോഡിലൂടെ വിജയ് വണ്ടി തള്ളിയാണ്‌ ഡെസ്റ്റിനേഷൻ എത്തിച്ചതെന്നും കുറച്ചൊന്ന് മിസ്സായാൽ വണ്ടി നൂറടി താഴ്ച്ചയിലേക്ക് പോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ലോകേഷിന്റെ പ്ലാനിങ് വളരെ ഷാർപ് ആയിരുന്നു. പോകുന്നതിന് മുൻപ് 52 ദിവസം ഷൂട്ടിങ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ ഞങ്ങൾ ആദ്യ ദിവസം ഷൂട്ടിന് പോയപ്പോൾ ഷൂട്ടിങ് തുടരുകയാണോ അതോ നിർത്തി ചെന്നൈക്ക് പോകുകയാണോ എന്ന് വിജയ് സർ ചോദിച്ചു. കാരണം, അവിടെ റോഡ് പോലും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. റോഡൊക്കെ ബ്ലോക്കായിരുന്നു. ആരും പറഞ്ഞാൽ വിശ്വസിക്കില്ല, അദ്ദേഹം കാർ തള്ളി തന്നു. കുറച്ചെങ്കിലും ഒന്ന് മിസ്സായാൽ കാർ നൂറടി താഴ്ചയിലേക്ക് വീഴുമായിരുന്നു. അതൊക്കെ അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ ആണ്. റോഡിൽ മഞ്ഞുവീണ് കിടക്കുന്നതുകൊണ്ടാണ് ഒന്നും കാണാൻ സാധിക്കാത്തത്. അവിടുന്ന് ഷൂട്ടിങ് കഴിയുന്നവരെ ഞാൻ വിജയ് സാറിനൊപ്പം ഉണ്ടായിരുന്നു,’ ലളിത് കുമാർ പറഞ്ഞു.

Content Highlights: Lalit Kumar on Vijay

We use cookies to give you the best possible experience. Learn more